കേവലം ഒരു സിനിമ എന്നതിന് പുറത്തേക്ക് വിശ്വാസത്തിന്റെ മേമ്പൊടി ചേര്‍ത്താണ് പ്രഭാസ് നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ ‘ആദിപുരുഷ്’ എന്ന ചിത്രം അണിയറപ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകളില്‍ ഒരു സീറ്റ് ഒഴിച്ചിടാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. സിനിമകാണാന്‍ ഹനുമാന്‍ എത്തുമെന്ന വിശ്വാസത്തിന്റെ പുറത്താണിത്.
ഹനുമാന്‍ ചിരഞ്ജീവിയാണെന്നും രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും ഹനുമാന്റെ സാന്നിധ്യം ഉണ്ടാവുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഇതിനിടെ ഹനുമാനായി ഒഴിച്ചിടുന്ന സീറ്റുകള്‍ക്ക് അടുത്തുള്ള സീറ്റുകള്‍ക്ക് അധിക തുകയീടാക്കുമെന്ന പ്രചാരണവുമുണ്ടായി. എന്നാല്‍ ഇത് തെറ്റാണെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഹനുമാന്‍ജിയ്ക്ക് വേണ്ടി മാറ്റിവെച്ചിരിക്കുന്ന സീറ്റുകള്‍ക്ക് അടുത്തുള്ള സീറ്റുകളിലിരിക്കാന്‍ അധിക തുക നല്‍കേണ്ടതില്ലെന്നും നിരക്കില്‍ വ്യത്യാസമുണ്ടാകില്ലെന്നും ടി സീരീസ് ട്വീറ്റ് ചെയ്തു.
ബാഹുബലിയിലൂടെ താരമൂല്യമുയര്‍ന്ന പ്രഭാസ് നായകനായെത്തുന്ന ആദിപുരുഷ് 500 കോടി മുതല്‍ മുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ടീസര്‍ വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയെങ്കിലും ഒടുവിലെത്തിയ ട്രെയ്‌ലര്‍ വലിയ സ്വീകാര്യത നേടിയെടുത്തു. ഇതോടെ ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷ ഉയര്‍ന്നിട്ടുണ്ട്.
ടി-സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജൂണ്‍ 16-നാണ് ചിത്രത്തിന്റെ റിലീസ്.