കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന അന്താരാഷ്ട്ര മെഡിക്കല്‍ സമ്മേളനം പ്രൗഢമായി. മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ്, ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ്, മെഡിസിന്‍ ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്.
മെഡിസിന്‍ ഇന്ത്യ സ്ഥാപകന്‍ ഡോ. ശുജ പുനേക്കറിന്റെ അധ്യക്ഷതയില്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ഡീന്‍ ഡോ. ഗോപകുമാരന്‍ കര്‍ത്ത ഉദ്ഘാടനം ചെയ്തു. മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ഡോ. അനീഷ് ബഷീര്‍, ഡോ. അമീര്‍ ഹസന്‍, ഡോ. ശൈഖ് ശാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന്, പ്രൊഫ. അലന്‍ ബിട്ടില്‍ ആസ്‌ത്രേലിയ, ഡോ. അജു മാത്യു, ഡോ. ഗ്രെയ്‌സ് റൗലി യു.കെ, ഡോ. ഒ.കെ.എം അബ്ദുര്‍റഹ്‌മാന്‍, ഡോ പി.വി ശംസുദ്ധീന്‍, ഡോ. ഗിരീഷ് വാഡഗോങ്കര്‍ മുംബൈ തുടങ്ങിയവര്‍ വ്യത്യസ്ത വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിച്ചു. കാന്‍സര്‍ പരിചരണം, ഭക്ഷ്യ സുരക്ഷ, പോഷകാഹാരം, പകര്‍ച്ച വ്യാധി പ്രതിരോധത്തിലെ യുനാനിയുടെ സമീപനം, പാലിയേറ്റീവ് കെയര്‍; മര്‍കസിന്റെ സമീപനം, ആരോഗ്യ രംഗത്തെ നിലവാരം മെച്ചപ്പെടുത്തല്‍, മെഡിക്കല്‍ എത്തിക്‌സ് തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. രാജ്യത്തെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നായി ആയിരത്തോളം മെഡിക്കല്‍ വിദ്യാര്‍ഥികളും ഡോക്ടര്‍മാരും സമ്മേളനത്തില്‍ പങ്കെടുത്തു.