ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ആസ്‌ട്രേലിയക്ക്. ഫൈനലില്‍ ഇന്ത്യയെ 209 റണ്‍സിന് പരാജയപ്പെടുത്തി
ഓവല്‍: അനിവാര്യമായ പരാജയം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരം കണ്ട ഓരോ ക്രിക്കറ്റ് പ്രേമിക്കും ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെക്കുറിച്ച പറയാനുണ്ടാവുക ഇതായിരിക്കും. ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ അമ്പേ പരാജിതരായപ്പോള്‍ തുടര്‍ച്ചയായ രണ്ടാംവട്ടവും ഫൈനലില്‍ മുട്ടുമടക്കി ടീം ഇന്ത്യ. കഴിഞ്ഞ തവണ ന്യൂസിലന്‍ഡിനോടായിരുന്നു പരാജയമെങ്കില്‍ ഇത്തവണ മൈറ്റി ഓസിസിനോടാണ് ഇന്ത്യന്‍ ടീം തോറ്റു തുന്നുംപാടിയത്. 209 റണ്‍സിനാണ് ആസ്‌ട്രേലിയ ഫൈനലില്‍ ജയിച്ചു കയറി കിരീടം സ്വന്തമാക്കിയത്. മത്സരത്തിന്റെ ഒരുനിമിഷത്തില്‍ പോലും ഒട്ടും പോരാട്ടവീര്യം പുറത്തെടുക്കാന്‍ കഴിയാതെ പോയതാണ് ഇന്ത്യയുടെ പ്രധാന തിരിച്ചടിക്ക് കാരണം. അജിന്‍ക്യ രഹാനെയൊഴികെയുള്ള ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ കടലാസിലെ പുലികളായി മാത്രം ഒതുങ്ങി. ടോസ് നേടി ബൗളിങ് തെരഞെടുത്തതു മുതല്‍ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്റെ ഓരോ നീക്കവും പാളി. ഫോമില്ലായ്മയും ഫിറ്റ്‌നസ് കുറവും രോഹിത്തിനെ വല്ലാതെ അലട്ടുകയും ഇന്ത്യക്കത് തിരിച്ചടിയാവുകയും ചെയ്തു. ഏറെ പ്രതീക്ഷയുണ്ടായിരുന്ന വിരാട് കോലി ഇത്തവണ നിരാശ മാത്രം ബാക്കിയാക്കി. കോലിയെ നല്ല രീതിയില്‍ തന്നെ ഓസിസ് ബൗളര്‍മാര്‍ പൂട്ടി. ഐ.പി.എല്ലിന്റെ മിന്നും താരം ശുഭ്മാന്‍ ഗില്ലിന് കാര്യമായൊന്നും ഓവലില്‍ ചെയ്യാനുണ്ടായിരുന്നില്ല. ചേതേശ്വര്‍ പൂജാരയുടെ പ്രതിരോധത്തിന് വളരെയധികം ഇളക്കം സംഭവിച്ചു. ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതുള്ള ആര്‍.ആശ്വിനെ പുറത്തുനിര്‍ത്താനുള്ള തീരുമാനം ആരുടേതായാലും അതിന് വലിയ വില തന്നെ ഇന്ത്യ നല്‍കേണ്ടിവന്നു.
രണ്ടാം ഇന്നിംഗ്സില്‍ 270/8 എന്ന സ്‌കോറില്‍ ഡിക്ലെയര്‍ ചെയ്ത് ആസ്‌ട്രേലിയ മുന്നോട്ടുവെച്ച 444 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടീം ഇന്ത്യ 40 ഓവറില്‍ 164-3 എന്ന നിലയിലാണ് അഞ്ചാം ദിനം ബാറ്റിംഗിന് ഇറങ്ങിയത്. 60 പന്തില്‍ 44 റണ്‍സുമായി വിരാട് കോലിയും 59 ബോളില്‍ 20 റണ്‍സുമായി അജിങ്ക്യ രഹാനെയുമായിരുന്നു ക്രീസില്‍. അഞ്ചാം ദിനത്തിലെ ആദ്യ സെഷന്‍ തന്നെ ടീം ഇന്ത്യക്ക് തിരിച്ചടികളുടേതായി. 78 പന്തില്‍ ഏഴ് ഫോറുകളോടെ 49 റണ്‍സെടുത്ത് നില്‍ക്കേ വിരാട് കോലിയെ സ്‌കോട്ട് ബോളണ്ട് സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന്റെ കൈകളില്‍ എത്തിച്ചു. ആ ഓവറില്‍ തന്നെ രവീന്ദ്ര ജഡേജയേ ബോളണ്ട് പുറത്താക്കി. റണ്ണൊന്നും എടുക്കാതെയായിരുന്നു ജഡേജയുടെ മടക്കം.
തുടര്‍ന്നെത്തിയ ശ്രീകര്‍ ഭരതിനെ കൂട്ടുപിടിച്ച് അജിന്‍ക്യ രഹാനെ മുന്നോട്ടുപോകാന്‍ ശ്രമിച്ചെങ്കിലും മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച് നല്‍കി രഹാനെയും മടങ്ങി. 108 പന്തില്‍ ഏഴ് ഫോറുകള്‍ സഹിതം 46 റണ്‍സാണ് രഹാനെ നേടിയത്. തൊട്ടുപിന്നാലെ ശാര്‍ര്‍ദുല്‍ താക്കൂറിനെ (5 പന്തില്‍ 0) എല്‍ബിയില്‍ തളച്ച് നഥാന്‍ ലിയോണ്‍ ഇന്ത്യക്ക് ഏഴാം പ്രഹരം നല്‍കി. സ്റ്റാര്‍ക്കിന്റെ ബൗണ്‍സറില്‍ ഉമേഷ് യാദവിനെ(12 പന്തില്‍ 1) പറഞ്ഞയച്ചു. ലിയോണിനെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത്(41 പന്തില്‍ 23) റിട്ടേണ്‍ ക്യാച്ചില്‍ പുറത്തായപ്പോള്‍ അവസാനക്കാരന്‍ മുഹമ്മദ് സിറാജിനെ(6 പന്തില്‍ 1) ബോളണ്ട് ക്യാച്ചില്‍ പറഞ്ഞയച്ചതോടെ ഓവലില്‍ ഇന്ത്യയുടെ പോരാട്ടം 234ല്‍ അവസാനിച്ചു. നേരത്തെ, ഓസ്ട്രേലിയയുടെ 469 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 296 റണ്‍സില്‍ പുറത്തായിരുന്നു. ഇതോടെ ഐ.സി.സിയുടെ എല്ലാ കിരീടവും നേടുന്ന ആദ്യ ടീം എന്ന നേട്ടം ഓസീസ് ടീം സ്വന്തമാക്കി.