അരിക്കൊമ്പന്‍ കന്യാകുമാരി വന്യജീവി സങ്കേതത്തില്‍ തുടരുന്നതായി വിവരം. ശനിയാഴ്ച രാത്രിയും കുറച്ചുദൂരം സഞ്ചരിച്ച അരിക്കൊമ്പന്‍ ആരോഗ്യം പൂര്‍ണമായും വീണ്ടെടുത്തിട്ടില്ലെന്നാണ് സൂചന. ജനവാസ മേഖലയിലേക്ക് ആന കടക്കാതിരിക്കാന്‍ നിരീക്ഷണം ശക്തമാക്കിയതായി തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. ചിന്നക്കനാലില്‍ വെച്ചുണ്ടായിരുന്ന അതേ ആരോഗ്യാവസ്ഥയിലേക്ക് ആന എത്തിയിട്ടില്ല. പഴയ ആരോഗ്യസ്ഥിതിയില്‍ ഒരു ദിവസം പതിനഞ്ച് മുതല്‍ ഇരുപത് കിലോമീറ്റര്‍ വരെ അരിക്കൊമ്പന്‍ സഞ്ചരിക്കാറുണ്ട്. എന്നാല്‍ ശനിയാഴ്ച ആറ് കിലോമീറ്റര്‍ മാത്രമാണ് അരിക്കൊമ്പന്‍ സഞ്ചരിച്ചത്. അപ്പര്‍ കോതയാറിന്റെ തെക്കന്‍ ദിശയിലേക്കാണ് അരിക്കൊമ്പന്‍ സഞ്ചരിച്ചതെന്നാണ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലുകളില്‍ നിന്ന് വ്യക്തമാകുന്നത്.