കോഴിക്കോട്: സി.എച്ച് മേല്‍പ്പാലം അറ്റകുറ്റപ്പണികള്‍ക്ക് അടയ്ക്കുന്ന സാഹചര്യത്തില്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാന്‍ മിഠായിത്തെരുവില്‍ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ അനുവദിക്കണമെന്ന് മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ സംഘടനാ ഭാരവാഹികളുടെ സംയുക്ത യോഗം ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു. പ്രസിഡണ്ട് ഷെവ. സി.ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അധികാരികള്‍ ചില ട്രാഫിക് പുനഃക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും അത് അപര്യാപ്തമാണെന്നും സമസ്ത മേഖലകളിലും ബുദ്ധിമുട്ട് സൃഷ്ടിക്കാന്‍ ഇടവരുത്തുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും മിഠായിത്തെരുവില്‍ വാഹന ഗതാഗതം പുനഃസ്ഥാപിച്ചാല്‍ കോയന്‍കോ ബസാര്‍, ഗ്രാന്‍ഡ് ബസാര്‍, ചെട്ടിയാര്‍ കോമ്പൗണ്ട് എന്നിവിടങ്ങളിലെ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ മിഠായിത്തെരുവിലേക്ക് വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും ചരക്ക് കയറ്റിറക്കം നടത്തുന്നതിനും ജി.എച്ച് റോഡിലെ തിരക്ക് കുറയ്ക്കുന്നതിനും ഏറെ ഉപകരിക്കും. വടക്കുനിന്ന് റെയില്‍വേ സ്റ്റേഷനിലേക്കും, വലിയങ്ങാടിയിലേക്കും, കോടതിയിലേക്കും എല്ലാമുള്ള ഏക വഴി ജി.എച്ച് റോഡ് – ലിങ്ക് റോഡ് വഴി മാത്രമാവും. മേലെ പാളയം റോഡ് വണ്‍വേ ആക്കുന്നത് ആ മേഖലയിലേക്കുള്ള യാത്ര ദുഷ്‌കരമാവുകയും തീവണ്ടി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകളും നേരിടും.
പോലിസ് കമ്മീഷണര്‍ ചെയര്‍മാനും, ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ ജനറല്‍ കണ്‍വീനറുമായി മുന്‍പ് നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ട്രാഫിക് ഉപദേശക സമിതി പുനഃസ്ഥാപിച്ച് ഇത്തരം വേളകളില്‍ വ്യാപാര – സാമൂഹിക – സാംസ്‌കാരിക സന്നദ്ധ സംഘടനകളുമായി യോഗം ചേര്‍ന്ന് അഭിപ്രായ സമന്വയം ഉണ്ടാക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. ഈ ആവശ്യം ജനപ്രതിനിധികള്‍, നഗരസഭ, ജില്ലാ ഭരണകൂടം, പോലിസ് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.
സ്മാള്‍ സ്‌കെയില്‍ ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി പി. ഹമീദ്, കണ്‍സ്യൂമര്‍ ഗുഡ്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.സി മനോജ്, ഡിസ്ട്രിക്ട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി സി.വി ജോസ്സി, സിറ്റി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.ഐ അഷറഫ്, ജനറല്‍ സെക്രട്ടറി എം.എന്‍ ഉല്ലാസന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് എം.കെ അയ്യപ്പന്‍ എന്നിവര്‍ പങ്കെടുത്തു.