മാഹി: മാഹിയില്‍ മത്സ്യബന്ധന തുറമുഖം പണിയുമ്പോള്‍ തന്നെ അഴിമുഖത്തിനപ്പുറം പുഴയുടെ വടക്ക് ഭാഗത്ത് പുലിമുട്ട് കൂടി നിര്‍മ്മിച്ചിരിക്കണമെന്ന സി.ഐ.സി.ഇ.എഫിന്റെ (ബാംഗ്‌ളൂര്‍) നിര്‍ദ്ദേശം വര്‍ഷങ്ങളായിട്ടും പാലിക്കപ്പെടാത്തത് പാരിസ്ഥിതികാഘാതത്തിന് കാരണമായി. കരയോട് ചേര്‍ന്നുള്ള നീരൊഴുക്ക് കാരണം വടക്ക് ഭാഗത്തു നിന്നും മണലും ചെളിയും മയ്യഴിപ്പുഴയുടെ അഴീമുഖത്ത് വന്‍ തോതില്‍ വന്നടിയുകയും, അഴിമുഖത്തെ പുഴയുടെ ആഴം ഗണ്യമായി കുറഞ്ഞിരിക്കുകയുമാണ്. മുമ്പ് വലിയ പത്തേമാരികള്‍ ചരക്കുകളുമായി കടന്നുപോയിരുന്ന പുഴയില്‍, ആഴം മൂന്നര മീറ്ററില്‍ നിന്നും ഇപ്പോള്‍ ഒന്നര മീറ്ററായി കുറഞ്ഞിരിക്കുകയാണ്. ബോട്ടുകള്‍ക്ക് വേലിയേറ്റ സമയത്ത് മാത്രമേ സുഗമമായി കടന്നുപോകാനാവു. അടിഭാഗംവീതിയേറിയ ബോട്ടുകള്‍ക്ക് മാത്രമേ എല്ലായ്‌പ്പോഴും കടന്നുപോകാനാ വുന്നുള്ളൂ.
അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന 233 വര്‍ഷക്കാലം ഫ്രഞ്ച് ഭരണകൂടത്തിന്റെ ആസ്ഥാനമായിരുന്ന മൂപ്പന്‍ സായിവിന്റെ ബംഗ്ലാവ് (ഗവ. ഹൗസ് ) പുരാവസ്തു സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെടേണ്ടതിനാല്‍ തൊട്ട് താഴെ അഴിമുഖത്ത് നിന്നും പൂഴിയും ചെളിയും നീക്കാനുമാവില്ല. ഹാര്‍ബറിന്റെ മൂന്ന് ഭാഗത്തുമുള്ളപുലിമുട്ടുകള്‍ നിര്‍മ്മിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും, വടക്ക് അഴീക്കല്‍ ഭാഗത്ത് ഇനിയും പുലിമുട്ട് നിര്‍മ്മിക്കാത്തതിനാല്‍ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുകയും, ഗതി മാറി ഒഴുകുകയും ചെയ്യുകയാണ്. 2018 ലെ പ്രളയ കാലത്ത് അഴിമുഖത്തിന്റെ ആഴം പൂഴിയും ചെളിയും നിറഞ്ഞ് ഗണ്യമായി കുറഞ്ഞതിനാല്‍, മുണ്ടേക്ക്, മഞ്ചക്കല്‍ ഭാഗങ്ങളില്‍ മുമ്പൊരിക്കലുമില്ലാത്ത വിധം വെള്ളം കയറുകയുണ്ടായി.
കഴിഞ്ഞ 22 വര്‍ഷമായി ഇഴഞ്ഞ് നീങ്ങുന്ന മാഹി മത്സ്യബന്ധന തുറമുഖത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കും. കഴിഞ്ഞ കാലത്തെ പാളിച്ചകളല്ല, ഇനിയങ്ങോട്ടുള്ള പ്രവര്‍ത്തനമാണ് പ്രധാനം എന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപ്ല പറഞ്ഞു. നിര്‍മ്മാണ ഘട്ടത്തിലെ വിദഗ്ധ നിര്‍ദ്ദേശമനുസരിച്ച് അഴീക്കല്‍ ഭാഗത്ത് അടിയന്തിരമായും പുലിമുട്ട് നിര്‍മ്മിക്കണം പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയപ്പെടരുതെന്ന് റിട്ട. ഫിഷിങ്ങ് എഞ്ചിനീയര്‍ ചുവാര്‍ കൃഷ്ണന്‍ അഭിപ്രായപ്പെട്ടു.