തന്റെ രാഷ്ട്രീയജീവിതം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നു; ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എം.പി സ്ഥാനം രാജിവച്ചു

തന്റെ രാഷ്ട്രീയജീവിതം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നു; ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എം.പി സ്ഥാനം രാജിവച്ചു

ലണ്ടന്‍: പാര്‍ട്ടിഗേറ്റ് വിവാദവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് അധോസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എം.പി സ്ഥാനം രാജിവച്ചു. അന്വേഷണം നടത്തുന്ന എം.പിമാരുടെ സമിതി, തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കണമെന്ന ഉദ്ദേശ്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ചാണ് അദ്ദേഹം രാജിവച്ചത്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ബ്രിട്ടനിലാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്ന സമയത്ത്, അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ബോറിസ് തന്റെ ഔദ്യോഗിക വസതിയില്‍ പാര്‍ട്ടി നടത്തിയതായിരുന്നു പാര്‍ട്ടിഗേറ്റ് വിവാദം. ഇതിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ അധോസഭയില്‍ ഉയര്‍ന്നപ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയാണ് ബോറിസ് നല്‍കിയതെന്ന പേരിലാണ് അദ്ദേഹമിപ്പോള്‍ പാര്‍ലമെന്ററി പ്രിവിലേജസ് സമിതിയുടെ അന്വേഷണം നേരിടുന്നത്. നിയമനിര്‍മാതാക്കളുടെ പ്രധാന അച്ചടക്ക സമിതിയാണ് പാര്‍ലമെന്ററി പ്രിവിലേജസ് കമ്മിറ്റി.

അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള ബോറിസിന്റെ രാജി കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ ഭിന്നത കൂടിയാണ് വെളിപ്പെടുത്തുന്നത്. അന്വേഷണ സമിതിയില്‍ നിന്ന് രഹസ്യ സ്വഭാവമുള്ള കത്ത് ലഭിച്ച ശേഷമായിരുന്നു ബോറിസിന്റെ രാജി. കത്ത് കൈപ്പറ്റിയതിന് പിന്നാലെ ‘കംഗാരു കോടതി’കളായാണ് സമിതി പ്രവര്‍ത്തിക്കുന്നതെന്ന് ബോറിസ് ക്ഷുഭിതനായി പ്രതികരിച്ചു. രാഷ്ട്രീയ ഉന്നംവച്ചാണ് സമിതിയുടെ പ്രവര്‍ത്തനങ്ങള്‍. ‘അവരുടെ വാദങ്ങള്‍ക്ക് ഒരടിസ്ഥാനവുമില്ലെങ്കിലും ഒരു ചെറിയ കൂട്ടം ആളുകള്‍ എന്നെ പുറത്താക്കുകയാണ് ‘ബോറിസ് സമിതിക്കെതിരേ തുറന്നടിച്ചു. പ്രധാനമന്ത്രി ഋഷി സുനകിനെയും ബോറിസ് പരോക്ഷമായി വിമര്‍ശിച്ചു. താന്‍ നടപ്പിലാക്കിയ ബ്രെക്‌സിറ്റില്‍ നിന്ന് ഒരു മടക്കയാത്രയ്ക്കാണ് ചിലര്‍ ശ്രമിക്കുന്നതെന്നും പഴയ നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോയേക്കുമെന്നും ബോറിസ് പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *