കോഴിക്കോട്: മെഡിക്കല്‍ ഉപകരണങ്ങളുടെയും മരുന്നുകളുടെയും ജി.എസ്.ടി ഏകീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് എം.കെ രാഘവന്‍ എം.പി. ഇതിനായി എങ്ങനെ വേണമെന്നതുള്‍പ്പെട്ട നിര്‍ദേശമടങ്ങിയ നിവേദനം സംഘടനാ തലത്തില്‍ തയ്യാറാക്കി നല്‍കിയാല്‍ കേന്ദ്ര ധനകാര്യ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നും എം.പി പറഞ്ഞു. കേരള മെഡിക്കല്‍ ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷന്‍ (കെ.എം.ഡി.എ) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി. നല്ല ചികിത്സ കിട്ടാന്‍ സര്‍ക്കാര്‍ ആശുപത്രിയെ ആശ്രയിക്കുന്നുണ്ടെങ്കിലും മരുന്ന് പുറത്തുനിന്ന് വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ പാവപ്പെട്ട രോഗികളെ സഹായിക്കാന്‍ സാമൂഹ്യ പ്രതിബദ്ധതയോടെ ഇടപെടാന്‍ സംഘടന തയ്യാറകണമെന്ന് എം.പി കൂട്ടിച്ചേര്‍ത്തു.
സംഘാടക സമിതി ചെയര്‍മാന്‍ കെ.വി.എം ഫിറോസ് അധ്യക്ഷത വഹിച്ചു. 20 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ എം.പി ആദരിച്ചു. അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഷാജി എം. വര്‍ഗീസ് ക്ലാസെടുത്തു. കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സൂര്യ അബ്ദുള്‍ ഗഫൂര്‍ മുഖ്യാതിഥിയായി. ഈ മേഖലയിലുള്ളവര്‍ കൂടുതല്‍ ദിവസം കടം കൊടുത്ത് അനാരോഗ്യകരമായ മത്സരം ഒഴിവാക്കണമെന്ന് സൂര്യ അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു.
കെ.എം.ഡി.എ സംസ്ഥാന സെക്രട്ടറി പി. അനില്‍ കുമാര്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സുനില്‍ ഇടക്കാടന്‍, സെക്രട്ടറി പി. കനകരാജന്‍, കെ.പി.എല്‍.ഒ.എഫ് ജില്ല സെക്രട്ടറി മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ. ഹരീഷ്, എം. ഷാജു എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു. മരുന്ന് വില കുറയ്ക്കാന്‍ ജി.എസ്.ടി നിരക്ക് ഏകീകരിക്കണമെന്നും ലീഗല്‍ മെട്രോളജി ഫീസ് ഒരു വര്‍ഷം എന്നത് 5 വര്‍ഷത്തേക്ക് നീട്ടണമെന്നും കെ.എം.ഡി.എ പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംഘാടക സമിതി കണ്‍വീനര്‍ ടി.ടി ധനേഷ് സ്വാഗതവും ടി.പി സുഭീഷ് നന്ദിയും പറഞ്ഞു.
ജില്ലയില്‍ പുതിയ കമ്മിറ്റി രൂപീകരിച്ചു. 15 അംഗ ഭരണസമിതിയില്‍ നിന്നും കെ.വി.എം ഫിറോസ് (പ്രസിഡന്റ്), ടി.ടി ധനേഷ് (സെക്രട്ടറി), ടി.പി സുഭീഷ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാര്‍: പി.എം അരവിന്ദ്, ടി.പി റിയാസ്, ജോയിന്റ് സെക്രട്ടറിമാര്‍ കെ. ഹരീഷ്, എം. ഷാജു എന്നിവരാണ്.