ആസ്‌ട്രേലിയക്ക് ലീഡ്

ആസ്‌ട്രേലിയക്ക് ലീഡ്

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 296 റണ്‍സിന് പുറത്ത്. രാഹനെ(89)ക്കും ശാര്‍ദുലി(51)നും അര്‍ധ സെഞ്ചുറി. മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ആസ്‌ട്രേലിയ 4ന് 123. 296 റണ്‍സ് ലീഡ്

ലണ്ടന്‍: ഫോളോ ഓണ്‍ ഭീഷണി നേരിട്ട ഇന്ത്യയെ രക്ഷപ്പെടുത്തി അജിന്‍ക്യ രഹാനെ-ശാര്‍ദുല്‍ താക്കൂര്‍ സഖ്യം. ഏഴാം വിക്കറ്റില്‍ ഇരുവരും നിര്‍ണായകമായ 109 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. അഞ്ചിന് 151 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് തുടക്കം തന്നെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ശ്രീകര്‍ ഭരതിനെ നഷ്ടമായി. സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. വളരെ പെട്ടെന്നു തന്നെ ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിക്കുമെന്ന് കരുതിയവര്‍ക്ക് മുന്നില്‍ ലോര്‍ഡ് ശാര്‍ദുല്‍ എന്ന് ആരാധകര്‍ വിളിക്കുന്ന താക്കൂര്‍ എത്തിയതോടു കൂടി രഹാനെ കളിയുടെ ഗിയര്‍ മാറ്റിത്തുടങ്ങി. ശാര്‍ദൂലിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയും സമ്മര്‍ദങ്ങള്‍ക്കിടയില്‍ റണ്‍ കണ്ടെത്തിയും രഹാനെ ഇന്ത്യക്ക് പ്രതീക്ഷ നനല്‍കി. ക്ലാസിക് ഇന്നിങ്‌സുകളിലൊന്നായിരുന്നു രഹാനെ പുറത്തെടുത്തത്. ഇതിനിടയില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തീകരിച്ച രഹാനെ ടെസ്റ്റ് കരിയറില്‍ 5000 റണ്‍സ് ക്ലബിലും എത്തി. 5000 ക്ലബിലെത്തുന്ന 13ാം ഇന്ത്യന്‍ താരമാണ് രഹാനെ. 83ാം ടെസ്റ്റ് മത്സരത്തിലാണ് ഈ നേട്ടം അദ്ദേഹം സ്വന്തമാക്കിയത്.

ലഞ്ചിന് ശേഷമുള്ള സെഷനില്‍ അജിന്‍ക്യ രഹാനെയെ മടക്കാന്‍ ഓസീസിന് സാധിച്ചു. അപ്പോഴേക്കും ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യക്ക് എട്ട് റണ്‍സ് മതിയായിരുന്നു. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ കാമറൂണ്‍ ഗ്രീനിന്റെ തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് രഹാനെ പുറത്തായത്. 129 പന്തില്‍ 89 റണ്‍സ് നേടിയ രഹാനെയുടെ ഇന്നിങ്‌സിന് 11 ഫോറും ഒരു സിക്‌സും അകമ്പടിയേകി. തുടര്‍ന്ന് വന്നവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇതിനിടെ ശാര്‍ദുല്‍ താക്കൂര്‍ അര്‍ധസെഞ്ചുറി(51) പൂര്‍ത്തിയാക്കി. ഇതോടുകൂടി

സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനും അലന്‍ ബോര്‍ഡര്‍ക്കും ശേഷം ഓവലില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ധസെഞ്ചുറി നേടുന്ന ആദ്യ സന്ദര്‍ശ ബാറ്ററെന്ന റെക്കോര്‍ഡാണ് താക്കൂര്‍ ഇന്നലെ സ്വന്തം പേരിലാക്കിയത്. ഓവലില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടുന്ന ആദ്യ ഏഷ്യന്‍ താരം എന്ന റെക്കോഡും ശര്‍ദൂല്‍ സ്വന്തമാക്കി. 2021 സെപ്റ്റംബറില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലാണ് ഓവലില്‍ ശാര്‍ദൂല്‍ രണ്ട് അര്‍ധസെഞ്ചുറികള്‍ നേടിയത്. ഈ മത്സരത്തിലെ രണ്ട് ഇന്നിംഗ്‌സിലും താരം അര്‍ധ സെഞ്ചുറി നേടിയിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സ് 296 റണ്‍സിന് അവസാനിപ്പിച്ച ഓസീസിന് വേണ്ടി പാറ്റ് കമ്മിന്‍സ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്, സ്‌കോട്ട് ബോളണ്ട്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ രണ്ടുവിക്കറ്റ് വീതവും നഥാന്‍ ലിയോണ്‍ ഒരു വിക്കറ്റും നേടി.

രണ്ടാം ഇന്നിങ്‌സില്‍ ആസ്‌ട്രേലിയ അടിപതറുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലിന് 123 എന്ന നിലയിലാണ് അവര്‍. ലബുഷെ(41*)യ്‌നും ഗ്രീനു(7*)മാണ് ക്രീസില്‍. 13 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയെ ഉമേഷ് യാദവും ഒരു റണ്‍സെടുത്ത ഡേവിഡ് വാര്‍ണറെ മുഹമ്മദ് സിറാജും സ്റ്റീവ് സ്മി(34)ത്ത്, ട്രാവിസ് ഹെഡ്(18) എന്നിവരെ രവീന്ദ്ര ജഡേജയും പുറത്താക്കി. നിലവില്‍ ആസ്‌ട്രേലിയക്ക് 296 റണ്‍സിന്റെ ലീഡുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *