ഇംഫാല്‍: കലാപന്തരീക്ഷം തുടരുന്ന മണിപ്പൂരില്‍ ആയുധവേട്ട നടത്തി സൈന്യം. നാല് ജില്ലകളിലാണ് സൈന്യം പരിശോധന നടത്തിയത്. ഇംഫാല്‍ ഈസ്റ്റ്, ബിഷ്ണുപൂര്‍ ഉള്‍പ്പെടെയുള്ള നാല് ജില്ലകളില്‍നിന്നാണ് ബോംബുകളും തോക്കുകളുമുള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയത്.
മണിപ്പൂര്‍ കലാപത്തില്‍ പൊലീസ് ഇതുവരെ 3,734 കേസുകളെടുത്തു. കഴിഞ്ഞമാസം മൂന്നാം തീയതി തുടങ്ങിയ കലാപത്തില്‍ ഇതുവരെ സര്‍ക്കാര്‍ കണക്കില്‍ നൂറോളം ആളുകളാണ് കൊല്ലപ്പെട്ടത്. മുപ്പത്തയ്യായിരത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
അതേസമയം മണിപ്പൂരില്‍ കലാപത്തിനിടെ പലായനം ചെയ്തവര്‍ക്ക് 101.75 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.സാമുദായിക സംഘര്‍ഷത്തെപ്പറ്റി വിശദമായി അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘത്തിന് സി.ബി.ഐ രൂപം നല്‍കി. ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നേതൃത്വം നല്‍കുന്ന 10 അംഗ സംഘം സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച ആറ് കേസുകളില്‍ വിശദമായ അന്വേഷണം നടത്തും. കലാപത്തിന് പിന്നിലെ ക്രിമിനല്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ടതാണ് ഈ കേസുകളെല്ലാം. മണിപ്പൂര്‍ സന്ദര്‍ശിച്ചതിന് പിന്നാലെ ഈ കേസുകളില്‍ സി.ബി.ഐ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.
ഇന്നലെ ഖൊക്കന്‍ ഗ്രാമത്തിലുണ്ടായ വെടിവയ്പ്പില്‍ കുകി വിഭാഗക്കാരായ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. അസം റൈഫിള്‍സാണ് മൂവരുടെയും മൃതദേഹങ്ങള്‍ വീണ്ടെടുത്തത്. കരസേനയുടെ നേതൃത്വത്തില്‍ പ്രദേശത്ത് കനത്തസുരക്ഷ ഏര്‍പ്പെടുത്തി.