രണ്ടാംദിനം ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച

രണ്ടാംദിനം ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച

ഇന്ത്യ അഞ്ചിന് 151. അജിന്‍ക്യ രഹാനെ (29*), ശ്രീകര്‍ ഭരത്(5*) എന്നിവര്‍ ക്രീസില്‍

ലണ്ടന്‍: ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആസ്ട്രേലിയക്കെതിരേ വിയര്‍ത്ത് ഇന്ത്യ. ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 469 റണ്‍സിനെതിരേ ബാറ്റിംഗ് തുടരുന്ന ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെന്ന നിലയിലാണ്. അജിന്‍ക്യ രഹാനെയും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ശ്രീകര്‍ ഭരതുമാണ് ക്രീസില്‍. കളിയുടെ ഫലത്തില്‍ നിര്‍ണായകമാകുക മൂന്നാം ദിനമായ ഇന്ന് ഇന്ത്യക്ക് എത്രത്തോളം പിടിച്ചുനില്‍ക്കാനാകുമെന്നതിലാണ്. നിലവില്‍ ഓസീസ് സ്‌കോറിനേക്കാള്‍ 318 റണ്‍സ് പിന്നിലാണ് ഇന്ത്യ. ഇന്നിംഗ്‌സ് തോല്‍വിയിലേക്കാണോ ഇന്ത്യയുടെ പോക്കെന്ന ആശങ്കയിലാണ് ആരാധകരും. ഇന്ത്യന്‍ സ്‌കോര്‍ 30ല്‍ എത്തിയപ്പോള്‍ തന്നെ നായകന്‍ രോഹിത് ശര്‍മയെ നഷ്ടമായി. 15 റണ്‍സാണ് രോഹിത് എടുത്തത്.

ഇതേ സ്‌കോറില്‍ വെച്ച് തന്നെ ശുഭ്മാന്‍ ഗില്ലും പുറത്തായതോടെ ഇന്ത്യ 2ന് 30 റണ്‍സ് എന്ന നിലയായി. 13 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം. 14 റണ്‍സെടുത്ത പൂജാരയും 14 റണ്‍സെടുത്ത കോഹ്ലിയും പിന്നാലെ വീണതോടെ ഇന്ത്യ 4ന് 71 എന്ന നിലയില്‍ തകര്‍ന്നു. അഞ്ചാം വിക്കറ്റില്‍ രഹാനെയും ജഡേജയും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് സ്‌കോര്‍ 100 കടത്തിയത്. ഏകദിന ശൈലിയിലായിരുന്നു ജഡേജ ബാറ്റ് വീശിയത്. 51 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും അടക്കം 48 റണ്‍സെടുത്ത് നില്‍ക്കെ ജഡേജ നഥാന്‍ ലിയോണിന്റെ പന്തില്‍ പുറത്താകുകയായിരുന്നു. പിന്നീടെത്തിയ ശ്രീകര്‍ ഭരതുമൊന്നിച്ച് കൂടുതല്‍ നഷ്ടമില്ലാതെ രണ്ടാം ദിനം അവസാനിപ്പിക്കാന്‍ രഹാനെക്ക് സാധിച്ചു. രഹാനെ 29 റണ്‍സുമായും ഭരത് 5 റണ്‍സുമായും ക്രീസിലുണ്ട്. ആസ്ട്രേലിയക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, കാമറൂണ്‍ ഗ്രീന്‍, സ്‌കോട്ട് ബോളണ്ട്, ലഥാന്‍ ലിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

നേരത്തെ മൂന്നിന് 327 റണ്‍സെന്ന നിലയില്‍ ബാറ്റിങ്ങ് ആരംഭിച്ച ആസ്ട്രേലിയക്ക് 142 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ബാക്കിയുള്ള ഏഴ് വിക്കറ്റുകളും നഷ്ടമായി. രണ്ടാംദിനം ആദ്യം പുറത്തായത് ട്രാവിസ് ഹെഡായിരുന്നു. 174 പന്തില്‍ 163 റണ്‍സ് നേടിയ ഹെഡിനെ സിറാജ് ഭരതിന്റെ കൈകളിലെത്തിച്ചു. തുടര്‍ന്നു വന്ന കാമറൂണ്‍ ഗ്രീനിനെ (6) ഷമി പുറത്താക്കി. സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിന്റെ (268 പന്തില്‍ 121 റണ്‍സ്) വിക്കറ്റ് ഷാര്‍ദുല്‍ താക്കൂറിനാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ അലക്സ് കാരി(48)ക്ക് മാത്രമേ ആസ്ട്രേലിയന്‍ നിരയില്‍ രണ്ടാംദിനം തിളങ്ങാനായുള്ളൂ. ഇന്ത്യക്ക് വേണ്ടി സിറാജ് നാലും മുഹമ്മദ് ഷമി, ഷാര്‍ദുല്‍ താക്കൂര്‍ രണ്ട് വിക്കുകള്‍ വീതവും ജഡേജ ഒരു വിക്കറ്റും നേടി.

 

Share

Leave a Reply

Your email address will not be published. Required fields are marked *