മാഹി രാജീവ് ഗാന്ധി ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ നിരന്തരമായി വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്ന ഡോക്ടര്‍ ദമ്പതികള്‍ക്ക് സസ്‌പെന്‍ഷന്‍. അസോസിയേറ്റ് പ്രൊഫസര്‍മാരായ ഡോ: കെ.സി.രാജ് കുമാര്‍, ഡോ: രമ്യ ക്യഷണന്‍ എന്നിവരെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. കോവിഡ് കാലത്ത് മയ്യഴി ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാത്തതില്‍ ഇവര്‍ക്കെതിരേ പരാതികള്‍ ഉയരുകയും നടപടി നേരിടുകയും ചെയ്തിരുന്നു.
ന്യൂഡല്‍ഹി ദേശീയ ആയുര്‍വേദ മെഡിക്കല്‍ കൗണ്‍സില്‍ എല്ലാ വര്‍ഷവും തുടര്‍ അംഗീകാരത്തിനായി രാജ്യത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും പരിശോധന നടത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം മാഹി രാജീവ് ഗാന്ധി ആയുര്‍വേദ മെഡിക്കല്‍ കോളേജിലും പരിശോധന നടത്തിയിരുന്നു. കോളേജിന് അടുത്ത അദ്ധ്യായന വര്‍ഷത്തേക്കുള്ള അംഗീകാരത്തിനായി നടന്ന കൗണ്‍സിലിന്റെ പരിശോധസമയത്ത് ഈ ഡോക്ടര്‍ ദമ്പതികള്‍ ഹാജരാവാത്തതും സഹകരിക്കാത്തതും സര്‍ക്കാര്‍ അതീവ ഗൗരവകരമായാണ് കണ്ടത്. കൗണ്‍സില്‍ അംഗീകാരം ലഭിച്ചാല്‍ മാത്രമേ ഈ വര്‍ഷം കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ സാധിക്കൂ എന്നതും ഉദ്യോഗസ്ഥരുടെ ഇത്തരം അനാസ്ഥകള്‍ മാഹിക്ക് ഒരു വിദ്യാഭ്യാസ സ്ഥാപനം നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് നയിക്കും എന്നതും ഗൗരവകരമായ വസ്തുതയാണ്.
ഓരോ വര്‍ഷവും മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടിയെടുക്കുകയെന്നത് കോളേജുകളെ സംബന്ധിച്ചു ശ്രമകരമായ കാര്യമാണ്. ഈ വര്‍ഷം പോണ്ടിച്ചേരി ഇന്ദിരാഗാന്ധി ഗവ. മെഡിക്കല്‍ കോളേജിനു പോലും അംഗീകാരം കിട്ടാത്ത സാഹചര്യമാണ് നിലവിലുള്ളത്. പോണ്ടിച്ചേരി പി.കെ.എം.സിയുടെ മെമ്പര്‍ സെക്രട്ടറിയാണ് സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയിരിക്കുന്നത്.