മനുസ്മൃതി വായിച്ചില്ലേ… ഒരിക്കല്‍ വായിക്കൂ; ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയ 17കാരി അതിജീവിതയോട് ഗുജറാത്ത് ഹൈക്കോടതി

മനുസ്മൃതി വായിച്ചില്ലേ… ഒരിക്കല്‍ വായിക്കൂ; ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയ 17കാരി അതിജീവിതയോട് ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ്: ബലാത്സംഗത്തെ അതിജീവിച്ച പെണ്‍കുട്ടി ഗര്‍ഭഛിദ്രത്തിനായി കോടതിയെ സമീപിച്ചപ്പോള്‍ മനുസ്മൃതി വായിച്ചില്ലേ… ഒരിക്കല്‍ വായിക്കൂ എന്ന് ഗുജറാത്ത് ഹൈക്കോടതി. പെണ്‍കുട്ടികള്‍ ചെറുപ്പത്തില്‍ വിവാഹം കഴിക്കുന്നതും 17 വയസ്സ് തികയുന്നതിന് മുമ്പ് കുഞ്ഞിന് ജന്മം നല്‍കുന്നതും ഒരു കാലത്ത് സാധാരണമായിരുന്നെന്ന് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി പറഞ്ഞു. നമ്മള്‍ 21ാം നൂറ്റാണ്ടില്‍ ജീവിക്കുന്നതിനാല്‍ ഉത്കണ്ഠയുണ്ടെന്ന് ജസ്റ്റിസ് ദവെ പറഞ്ഞു. നിങ്ങളുടെ അമ്മയോടോ മുത്തശ്ശിയോടോ ചോദിക്കൂ. 14-15 വയസ്സായിരുന്നു പരമാവധി പ്രായം. പെണ്‍കുട്ടികള്‍ 17 വയസ്സ് തികയുന്നതിന് മുമ്പ് ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കുമായിരുന്നു. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ക്ക് മുമ്പ് പക്വതയിലെത്തുന്നു. നിങ്ങള്‍ വായിച്ചില്ലെങ്കില്‍ എന്തായാലും മനുസ്മൃതി ഒരിക്കല്‍ വായിക്കണമെന്നും ജഡ്ജി പറഞ്ഞു.
പെണ്‍കുട്ടിയും ഗര്‍ഭസ്ഥ ശിശുവും ആരോഗ്യമായിരിക്കുകയാണെങ്കില്‍ ഗര്‍ഭമലസിപ്പിക്കാന്‍ അനുമതി നല്‍കിയേക്കില്ലെന്നും കോടതി സൂചന നല്‍കി. ബലാത്സംഗത്തെ അതിജീവിച്ച പെണ്‍കുട്ടിക്ക് 16 വയസ്സും 11 മാസവും പ്രായമുണ്ട്. ഗര്‍ഭം ഏഴുമാസമായി. ഗര്‍ഭഛിദ്രം നടത്താവുന്ന 24 ആഴ്ചയുടെ പരിധി കടന്നതിനാല്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടി പിതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പ്രായം കുടുംബത്തെ ആശങ്കപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ നേരത്തെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ആഗസ്റ്റ് 16നാണ് പ്രസവത്തിനുള്ള തീയതി പറഞ്ഞിരിക്കുന്നത്. വിദഗ്ധ ഡോക്ടര്‍മാരുമായി കൂടിയാലോചിച്ചതായും ജഡ്ജി അഭിഭാഷകനെ അറിയിച്ചു. ഗര്‍ഭസ്ഥശിശുവിനോ പെണ്‍കുട്ടിക്കോ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ കോടതിക്ക് ഗര്‍ഭഛിദ്രം പരിഗണിക്കാം. ആരോഗ്യം സാധാരണ ഗതിയിലാണെങ്കില്‍ അനുമതി നല്‍കാന്‍ ബുദ്ധിമുട്ടാണെന്നും ജഡ്ജി പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കാന്‍ രാജ്കോട്ട് സിവില്‍ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ടിനോട് കോടതി നിര്‍ദ്ദേശിച്ചു. മാനസികാവസ്ഥ പരിശോധിക്കാന്‍ സൈക്യാട്രിസ്റ്റിനെയും ചുമതലപ്പെടുത്തി. അടുത്ത ഹിയറിംഗിന്റെ തീയതിയായ ജൂണ്‍ 15 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആശുപത്രിയോട് കോടതി ആവശ്യപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *