ഇംഫാല്‍: മണിപ്പൂരില്‍ സൈനികരുടെ വേഷത്തിലെത്തിയ അക്രമികള്‍ മൂന്നു പേരെ വെടിവച്ചു കൊലപ്പെടുത്തി. പടിഞ്ഞാറന്‍ ഇംഫാലിലെ ഗ്രാമത്തിലാണ് സംഭവം. സൈനികരുടെ വേഷമണിഞ്ഞ് വീടുകളിലെത്തിയ അക്രമികള്‍ പട്രോളിങ്ങിന്റെ ഭാഗമായി ആളുകളെ പുറത്തേക്ക് വിളിച്ചിറക്കി വെടിവച്ചു കൊല്ലുകയായിരുന്നു. കാങ്‌പോകി ജില്ലയുടെയും പടിഞ്ഞാറന്‍ ഇംഫാലിന്റെയും അതിര്‍ത്തിയിലുള്ള ഗ്രാമത്തിലായിരുന്നു സംഭവം. മെയ്‌തേ സമുദായത്തില്‍ നിന്നുള്ള അക്രമികളാണ് കൊലയ്ക്കു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
കുകി-മെയ്‌തേ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഇനിയും മണിപ്പൂരില്‍ കെട്ടടങ്ങിയിട്ടില്ല. അതേ സമയം കലാപത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി സി.ബി,ഐ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. കുറ്റകരമായ ഗൂഢാലോചന ആരോപിക്കുന്ന അഞ്ച് കേസുകളും കലാപത്തിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച കേസും അടക്കം 6 കേസുകളിലാണ് സി.ബി.ഐ അന്വേഷണം നടത്തുന്നത്.