നാദാപുരം: ജി.യു.പി സ്കൂളിലെ കിണറില്‍ മലിനജലം കലരുന്നു എന്ന് പഞ്ചായത്തില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ സ്കൂള്‍ കിണറും പരിസരവും പരിശോധിച്ചു. കിണറിന്റെ സമീപത്ത്, മതിലിന് പുറത്തുള്ള ഡ്രെയിനേജില്‍ നിന്നാണ് മലിനജലം കിണറ്റിലേക്ക് കലരുന്നതെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടു. കിണറിലെ ജലം ഉപയോഗിക്കരുത് എന്ന് സ്കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയും രജിസ്റ്റര്‍ ഓഫിസ് കോമ്പൗണ്ടിലെ കിണര്‍ ഉപയോഗിക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സി.കെ നാസര്‍, മെമ്പര്‍ കണേക്കല്‍ അബ്ബാസ്, സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. സതീഷ് ബാബു എന്നിവരാണ് സ്ഥലം പരിശോധിച്ചു നടപടി എടുത്തത്. ഡ്രൈയിനേജിലെ പ്രശ്നം അടിയന്തരമായി പരിഹരിക്കാന്‍ പി.ഡബ്ല്യു.ഡി അധികൃതരോട് പ്രസിഡണ്ട് വി.വി മുഹമ്മദലി ആവശ്യപ്പെട്ടു. ഡ്രൈനേജ് വാട്ടര്‍ പ്രൂഫ് ആയി നിര്‍മിച്ചാല്‍ മാത്രമേ പ്രശ്നത്തിന് ശാശ്വാത പരിഹാരം കാണാന്‍ സാധിക്കുകയുള്ളു.