നാദാപുരം ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡ് കല്ലാച്ചി ടൗണിനോട് ചേര്‍ന്ന് വാണിയൂര്‍ തോടിന് അടുത്തുള്ള ഡ്രൈനേജ് കനത്ത മഴയെ തുടര്‍ന്ന് ഒഴുക്ക് തടസ്സപ്പെട്ടതോടെ മലിന ജലം തൊട്ടടുത്ത വീടുകളിലേക്ക് കയറി. ഡ്രൈനേജില്‍ വലിയ രീതിയില്‍ മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടുകയും ഡ്രൈനേജിലെ വെള്ളത്തിന്റെ ഒഴുക്ക് നഷ്ടപ്പെടുകയും ചെയ്തതിനാലാണ് വെള്ളം കരകവിഞ്ഞ് വീടുകളിലും പറമ്പിലും റോഡിലും കയറിയത്.പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ,വാര്‍ഡ് മെമ്പര്‍ നിഷ മനോജ് ,പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ് എന്നിവര്‍ സ്ഥലത്തെത്തി. പി.ഡബ്ല്യു.ഡി അധികൃതരുമായി ബന്ധപെട്ട് അടിയന്തിര ഇടപെടല്‍ നടത്തിയതിനെ തുടര്‍ന്ന് ജെ.സി.ബി ഉപയോഗിച്ച് മാലിന്യം പുറത്തെടുക്കുകയും വെള്ളത്തിന്റെ ഒഴുക്ക് സുഖമാക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് വെള്ളം വീടുകളില്‍ നിന്നും പറമ്പുകളില്‍ നിന്നും ഇറങ്ങിയത്. വ്യാപാരികള്‍ ഓടകളില്‍ വലിയ രീതിയില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചതിന്റെ അവശിഷ്ടങ്ങള്‍ ഓടകളില്‍ കാണാമായിരുന്നു. മാലിന്യം ഓടകകളില്‍ തള്ളുന്നത് നിയമവിരുദ്ധമാണ്, കര്‍ശന നടപടി ഇത്തരത്തില്‍ മാലിന്യം അലക്ഷ്യമായി കൈ ഒഴിയുന്നവര്‍ക്ക് എതിരെ ഉണ്ടാകുമെന്ന് പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ് അറിയിച്ചു ,സംഭവ സ്ഥലം പൊതുമരാമത്ത് വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു.