തിരുവനന്തപുരം: തേനി, മേഘമല വന്യജീവി സങ്കേതത്തില്‍ വിനോദസഞ്ചാരികള്‍ക്ക് അരിക്കൊമ്പന്‍ ജനവാസമേഖലകളില്‍ ഇറങ്ങിയ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. അരിക്കൊമ്പന്റെ ഭീഷണി നീങ്ങിയതോടെയാണ് തമിഴ്‌നാട് വനം വകുപ്പ് വിലക്ക് പിന്‍വലിച്ചത്.
ഇന്നലെ രാത്രി മുതല്‍ അരിക്കൊമ്പന്റെ റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ കിട്ടുന്നില്ലെന്ന് റിപ്പോര്‍ട്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്. ആന ഉള്‍വനത്തിലേക്ക് കയറിയത് കൊണ്ടാണ് സിഗ്‌നല്‍ നഷ്ടമായത് എന്നാണ് വിലയിരുത്തുന്നത്. അരിക്കൊമ്പന്‍ ആരോഗ്യവാനെന്ന് തമിഴ്‌നാട് വനംവകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തുമ്പിക്കൈയിലെ മുറിവ് ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.