ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ

ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ

കോഴിക്കോട്:ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും. ജൂലായ് 31 വരെയുള്ള 52 ദിവസ കാലയളവിലാണ് നിരോധനം. നിരോധനം ലംഘിക്കുന്ന യാനങ്ങൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും. നിരോധന കാലത്ത് ഇൻബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വള്ളം മാത്രമാണ് അനുവദിക്കുക. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ലൈഫ് ജാക്കറ്റ്, ബയോമെട്രിക് ഐ ഡി കാർഡ്, ആധാർ കാർഡ് എന്നിവ നിർബന്ധമാക്കും.
നിരോധനം ഫലപ്രദമായി നടപ്പാക്കാൻ  പട്രോളിംഗിനായി ഫിഷറീസ് വകുപ്പ് സ്പെഷ്യൽ ബോട്ടുകൾ സജ്ജമാക്കിയിട്ടുണ്ട്. രക്ഷാ പ്രവർത്തനങ്ങൾക്കായി സീ റെസ്‌ക്യൂ ഗാർഡുകളുടെ സേവനവും ഉറപ്പാക്കും. അടിയന്തര സാഹചര്യം നേരിടുന്നതിന് പ്രത്യേക പരിശീലനം നേടിയ റസ്‌ക്യൂ ഗാർഡുകളുടെ സേവനവും ലഭ്യമാകും. ജില്ലയിലെ നാല് ഹാർബറുകളിലായി ട്രോളിംഗ് നിരോധന കാലയളവിൽ കടൽ രക്ഷാപ്രവർത്തനത്തിനായി 32 റസ്‌ക്യൂ ഗാർഡുമാരെയാണ് സജ്ജമാക്കിയിട്ടുള്ളത്. കടൽ രക്ഷാപ്രവർത്തനത്തിനും മറ്റുമായി 106 പേരാണ് നിലവിൽ ഗോവയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയത്. കടൽ രക്ഷാപ്രവർത്തനത്തിന് കൂടുതൽ പോലീസ് ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാക്കും. ആവശ്യമായ ബോട്ടുകളും മറൈൻ ആംബുലൻസ് സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.
ഹാർബറുകളിലെ ഡീസൽബങ്കുകൾ അടയ്ക്കും. ഇൻബോർഡ് വള്ളങ്ങൾക്ക് ഇന്ധനത്തിനായി മത്സ്യഫെഡ് ബങ്കുകൾ അനുവദിക്കും. ഇതര സംസ്ഥാന ബോട്ടുകൾ ജൂൺ ഒമ്പതിന് മുമ്പായി കേരളതീരം വിട്ട് പോകണം. ഇത് ലംഘിക്കുന്ന യാനം ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ജൂൺ ഒമ്പതിന് വൈകീട്ടോടെ മുഴുവൻ ട്രോളിംഗ് ബോട്ടുകളും കടലിൽ നിന്നും മാറ്റിയിട്ടുണ്ടെന്ന്  ഉറപ്പാക്കും. നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും.
ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് 24 മണിക്കൂർ പ്രവർത്തിക്കുന്ന സ്പെഷ്യൽ കൺട്രോൾ റൂം പ്രവർത്തിക്കുമെന്ന് ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുധീർ കിഷൻ അറിയിച്ചു. ഫിഷറീസ് കൺട്രോൾ റൂം നമ്പർ- 0495-2414074, 0495-2992194, 9496007052, കോസ്റ്റ് ഗാർഡ് – 1554.

 

Share

Leave a Reply

Your email address will not be published. Required fields are marked *