കോഴിക്കോട്: ലാറ്റിനമേരിക്കന്‍ വിമോചന പോരാട്ടങ്ങളുടെ നായകനും ക്യൂബന്‍ വിപ്ലവനേതാവുമായ ചെഗുവേരയുടെ 95ാം ജന്മവാര്‍ഷികദിനമായ ജൂണ്‍ 14ന് ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് ടി.പി ദാസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേളുവേട്ടന്‍ പഠന ഗവേഷണകേന്ദ്രവും ചെസ് അസോസിയേഷന്‍ കോഴിക്കോടും ചേര്‍ന്നാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ മത്സരം സംഘടിപ്പിക്കുന്നത്. ലോക സമാധാന സംഘടനയുടെ ആഹ്വാനമനുസരിച്ചാണ് ശ്രദ്ധേയനായ ചെസ് കളിക്കാരന്‍ കൂടിയായ ചെഗുവേരയുടെ സ്മരണയില്‍ ക്യൂബന്‍ ഐക്യദാര്‍ഢ്യ ക്യാമ്പയിനിന്റെ ഭാഗമായി ചെസ് ടൂര്‍ണമെന്റ് നടത്തുന്നത്. ഒന്നരലക്ഷം രൂപയുടെ സമ്മാനങ്ങളും ഗോള്‍ഡന്‍ കപ്പും മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും. രജിസ്‌ട്രേഷന്‍ അവസാന തിയതി 12 ആണ്.
ചെസ് ടൂര്‍ണമെന്റ് രാവിലെ 10 മണിക്ക് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സി.പിഐ(എം) ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍, ടി.പി ദാസന്‍ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിക്കും. വൈകീട്ട് അഞ്ച് മണിക്ക് ക്യൂബന്‍ ഐക്യദാര്‍ഢ്യ പ്രസംഗവും സമ്മാനദാനവും സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി നിര്‍വഹിക്കും. കേളുവേട്ടന്‍ പഠന ഗവേഷണ കേന്ദ്രം ഡയരക്ടര്‍ കെ.ടി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിക്കും. മുന്‍ ദേശീയതാരമായ ഡോ.നിജി ആശംസ നേരും. വാര്‍ത്താസമ്മളനത്തില്‍ ജില്ലാ ചെസ് അസോസിയേഷന്‍ സെക്രട്ടറി എം.പ്രേംചന്ദ്, സംഘാടക സമിതി കണ്‍വീനര്‍ ടി.അതുല്‍ എന്നിവരും സംബന്ധിച്ചു.