ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം ‘ജാക്‌സണ്‍ ബസാര്‍ യൂത്ത് ‘ എന്ന സിനിമയില്‍ അമൃത നായര്‍ എന്ന വനിതാ കോണ്‍സ്റ്റബിളായി ചെറിയ വേഷം ചെയ്ത് ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ച കണ്ണൂര്‍ അഴീക്കോട് സ്വദേശി നമിത ചലച്ചിത്ര ലോകത്ത് സജീവമാകാന്‍ ഒരുങ്ങുകയാണ്. പ്രൊഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ നമിത ‘ക്രേസി ലൗ’ എന്ന ആല്‍ബത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നത്. സന്തോഷ് കീഴാറ്റൂരിനൊപ്പം നിധി എന്ന ഹ്രസ്വ ചിത്രത്തിലും ഹരികുമാര്‍ പെരിയ സംവിധാനം ചെയ്ത ‘വെല്‍ക്കം ടു പാണ്ടിമല’ എന്ന ചിത്രത്തിലും പ്രേംരാജ് സംവിധാനം ചെയ്ത ‘സുഗ്മ’ എന്ന ചിത്രത്തിലും സജി പാഴൂര്‍ എഴുതി പി.ജി പ്രേംലാല്‍ സംവിധാനം ചെയ്ത ‘പഞ്ചവത്സര പദ്ധതി’കളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. റഷീദ് ചേളാരി സംവിധാനം ചെയ്ത ‘അട്ട’ എന്ന ചിത്രത്തില്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായും കണ്ണൂര്‍ തളിപ്പറമ്പില്‍ ചിത്രീകരണം നടക്കുന്ന ഷൈജു ഗോവിന്ദ് സംവിധാനം ചെയ്യുന്ന ടെന്‍ നയനെയ്റ്റ് എന്ന ചിത്രത്തിലും നമിത ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.
വിദേശത്ത് ജോലി ചെയ്ത നമിത കോവിഡിനു ശേഷം ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തി തന്റെ പാഷനായ അഭിനയം പ്രൊഫഷനാക്കി മാറ്റുകയാണ്. മലയാളത്തിനു പുറമെ തമിഴിലും നമിതയെ തേടി അവസരങ്ങള്‍ എത്തുന്നുണ്ട്. നല്ലൊരു ഡാന്‍സര്‍ കൂടിയായ നമിത ഏതു ഭാഷകളിലും തനിക്ക് അനുയോജ്യമായ വേഷങ്ങള്‍ ചെയ്യാന്‍ ഒരുക്കമാണ്. ആക്ഷനും നെഗറ്റീവും തനിക്ക് അനായാസമായി ചെയ്യാന്‍ കഴിയും എന്ന വിശ്വാസത്തിലാണ് നമിത. അനു സിത്താര ഉള്‍പ്പെടെയുള്ള മുന്‍ നിര താരങ്ങളോടൊപ്പം പരസ്യ ചിത്രങ്ങളിലും ഇപ്പോള്‍ നമിത അഭിനയിച്ചു വരുന്നു.
പ്രേക്ഷകര്‍ സ്വീകരിക്കുന്ന കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് നമിത. തനിക്ക് ലഭിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ വലിപ്പ ചെറുപ്പം നോക്കാതെ തനിക്ക് ലഭിച്ച വേഷം വളരെ ഭംഗിയായി ചെയ്തു തീര്‍ത്ത സംതൃപ്തിയിലാണ് നമിത. ജാക്‌സണ്‍ ബസാര്‍ യൂത്താണ് ആദ്യമായി തിയേറ്ററിലെത്തിയ നമിതയുടെ ചിത്രം.