എമര്‍ജന്‍സ് 2023: ആസ്റ്റര്‍ അത്യാഹിത ചികിത്സ അന്താരാഷ്ട്ര സമ്മേളനം 16 മുതല്‍ കൊച്ചിയില്‍

എമര്‍ജന്‍സ് 2023: ആസ്റ്റര്‍ അത്യാഹിത ചികിത്സ അന്താരാഷ്ട്ര സമ്മേളനം 16 മുതല്‍ കൊച്ചിയില്‍

കൊച്ചി: ആസ്റ്റര്‍ മെഡ്സിറ്റി സംഘടിപ്പിക്കുന്ന അത്യാഹിത ചികിത്സ അന്താരാഷ്ട്ര സമ്മേളനത്തിന്റെ രണ്ടാം പതിപ്പ് 16 മുതല്‍ 18 വരെ കൊച്ചിയില്‍ നടക്കും. കൊച്ചിയിലെ നിഹാര റിസോര്‍ട്ടാണ് സമ്മേളനത്തിന് വേദിയാകുന്നത്. സമ്മേളനം മഹാരാഷ്ട്രയില്‍ നിന്നുള്ള മാഗ്സസെയ് അവാര്‍ഡ് ജേതാവ്, പത്മശ്രീ ഡോ. പ്രകാശ് ബാബ ആംതെ ഉദ്ഘാടനം ചെയ്യും. ദൗത്യനിര്‍വഹണത്തിനിടയില്‍ രോഗിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിനെ യോഗം അനുസ്മരിക്കും. ഇന്ത്യയിലെ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരോടുമുള്ള ഐക്യദാര്‍ഢ്യത്തിന്റെ വേദി കൂടിയായിരിക്കും സമ്മേളനം. അത്യാഹിത ചികിത്സയെ കുറിച്ചുള്ള അറിവുകള്‍ ബലപ്പെടുത്തുന്നതിലായിരിക്കും ഇത്തവണത്തെ സമ്മേളനം ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതിനായി ഓരോ രോഗിയിലും കാണുന്ന വ്യത്യസ്ത ലക്ഷണങ്ങളെ അടിസ്ഥാനമാക്കി (രോഗനിദാനശാസ്ത്രം), യഥാര്‍ഥ കേസുകള്‍ ആസ്പദമാക്കിയുള്ള ചര്‍ച്ചകള്‍ നടക്കും. ഇന്ത്യക്കകത്തു നിന്നും പുറത്തുനിന്നുമുള്ള പ്രഗത്ഭ ഡോക്ടര്‍മാര്‍ അവരുടെ അത്യാഹിത വിഭാഗത്തിലെ അനുഭവങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കും. അത്യാഹിത ചികിത്സാവിഭാഗത്തില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും അതുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ (ഇഡി, ഐ.സി.യു തുടങ്ങിയവ) നടത്തുന്നവര്‍ക്കും ഈ ത്രിദിന സമ്മേളനം ഏറെ പ്രയോജനപ്പെടും. ഒപ്പം വിവിധതരം മത്സരങ്ങള്‍ക്കും സംവാദങ്ങള്‍ക്കും പ്രഗത്ഭരുടെ വിഷയാവതരണങ്ങള്‍ക്കും സമ്മേളനം സാക്ഷിയാകും.

ലോകമെമ്പാടുമുള്ള അത്യാഹിത ചികിത്സാസംവിധാനങ്ങളെ കൂടുതല്‍ വികസിപ്പിക്കുന്നതിന്റെ ശ്രമങ്ങളുടെ ഭാഗമാണ് എമര്‍ജെന്‍സ്-2023 എന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ അത്യാഹിത വിഭാഗം ലീഡ് കണ്‍സല്‍ട്ടന്റ് ഡോ. ജോണ്‍സന്‍ കെ.വര്‍ഗീസ് പറഞ്ഞു. ആരോഗ്യരംഗത്തെ പ്രഗത്ഭരായ പ്രൊഫഷണലുകള്‍ക്ക് ഒരുമിച്ച് കൂടാനും പുതിയ കാര്യങ്ങള്‍ പഠിക്കാനും മേഖലയില്‍ പുതിയ സംഭാവനകള്‍ അവതരിപ്പിക്കാനുമുള്ള വേദിയായിരിക്കും ഈ സമ്മേളനം. അടിയന്തിര ചികിത്സാ രംഗത്തെ പുതിയ മാറ്റങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കണം. എങ്കില്‍ ഒരുപാടാളുകളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയും.

ചെറുപ്പക്കാരായ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഈ സമ്മേളനവും അതിനോടനുബന്ധിച്ചുള്ള ശില്‍പശാലയും മികച്ച ഒരവസരമായിരിക്കുമെന്നും നൂതന ചികിത്സാശാഖകളായ മറൈന്‍ മെഡിസിന്‍, വില്‍ഡര്‍നസ് മെഡിസിന്‍, എയ്‌റോമെഡിക്കല്‍ ട്രാന്‍സ്ഫര്‍, ടെലിമെഡിസിന്‍, എന്നിവയ്ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും നിരവധി അവസരങ്ങള്‍ സമ്മേളനം തുറന്നുകൊടുക്കുമെന്നും കോഴിക്കോട് ആസ്റ്റര്‍ മിംസിലെ എമര്‍ജന്‍സി ചികിത്സാവിഭാഗം ഡയരക്ടര്‍ ഡോ. വേണുഗോപാലന്‍ പി.പി പറഞ്ഞു.
എം.ബി.ബി.എസ്, നഴ്‌സിങ് കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ജോലിസാധ്യതകള്‍ കണ്ടെത്താനുള്ള അവസരമായും കോണ്‍ക്ലേവ് പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്മശ്രീ ഡോ. പ്രകാശ് ആംതെക്ക് പുറമെ, ഇ.എം സൊനോളജി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച ഡോക്ടര്‍ കീയ്ത് ബോണഫീസ് (യു.എസ്.എ), വില്‍ഡര്‍നസ് മെഡിസിന്‍ വിദഗ്ധന്‍ കെറി ക്രൈഡല്‍ (യു.എസ്.എ), ടെലിമെഡിസിന്‍ സി.ഇ.ഒ ഡോ. സുനില്‍ ബുധ്രാണി (യു.എസ്.എ), ശ്രീരാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (SRIHER) സര്‍വകലാശാലയില്‍ നിന്നുള്ള ഡോ. ടിവി രാമകൃഷന്‍, അപ്പോളോ ഹോസ്പിറ്റല്‍സിലെ ഡോ. ധവപളനി, ക്ലൗഡ് ഫിസിഷ്യന്‍ സ്ഥാപകന്‍ ഡോ. ദിലീപ് രാമന്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് പ്രതിനിധി ഡോ. വേണുഗോപാലന്‍ പി.പി, യു.കെ ഗവണ്‍മെന്റിന്റെ ദുരന്തനിവാരണ ഉപദേശകന്‍ ഡോ. രാമചന്ദ്രന്‍ മാധവന്‍, എന്നീ പ്രമുഖ വ്യക്തികളും പങ്കെടുക്കും. കാഹോ, പെഡിസ്റ്റാര്‍സ്, ഐ.സി.എ.ടി.ടി , ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, ജി.ഡബ്ല്യു യൂണിവേഴ്‌സിറ്റി, യു.എസ്.എ എന്നിവയുടെ സാന്നിധ്യവും ഉണ്ടായിരിക്കും.

സമ്മേളനം തുടങ്ങുന്നതിനു മുന്നോടിയായി 13 മുതല്‍ 15 വരെ പന്ത്രണ്ടിലേറെ പ്രീ- കോണ്‍ഫറന്‍സ് ശില്‍പശാലകളും സംഘടിപ്പിക്കും. ആസ്റ്റര്‍ മെഡ്സിറ്റി, നിഹാര റിസോര്‍ട്, മരടിലെ പി.എസ് മിഷന്‍ ഹോസ്പിറ്റല്‍, കോതമംഗലത്തെ എം.ബി.എം.എം ആശുപത്രി, കൊടുങ്ങല്ലൂരിലെ മോഡേണ്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലായിരിക്കും ശില്‍പശാലകള്‍ നടക്കുക. അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും കഴിവുകള്‍ വികസിപ്പിക്കാന്‍ ഉതകുന്നതായിരിക്കും ഈ ശില്‍പശാലകള്‍.
എന്‍.എ.ബി.എച്ച് അംഗീകാരം നേടിയ രാജ്യത്തെ ആദ്യത്തെ അത്യാഹിത ചികിത്സാവിഭാഗമാണ് കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലുള്ളത്. ഇ.സി.പി.ആര്‍, ഇഡി തോറാകോട്ടമി, വിദൂര .െഎഎ.ബി.പി കൈമാറ്റം, തുടങ്ങിയ ചികിത്സകള്‍ ആദ്യമായി വിജയകരമായി പൂര്‍ത്തിയാക്കിയതും ഇവിടെയാണ്. അടുത്തിടെ ഇന്ത്യയിലെ ആദ്യത്തെ അസിസ്റ്റഡ് റിയാലിറ്റി (എ.ആര്‍) സ്മാര്‍ട്ട് ആംബുലന്‍സും ആസ്റ്റര്‍ മെഡ്സിറ്റി അവതരിപ്പിച്ചു. നിലവില്‍ കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ 15 ആശുപത്രികളും ഇരുപതിലേറെ അനുബന്ധ ആശുപത്രികളും അടങ്ങുന്ന ഒരു വലിയ നെറ്റ്വര്‍ക്ക് ആണ് ആസ്റ്റര്‍. ഇവിടെയെല്ലാം അത്യാധുനിക അടിയന്തര ചികിത്സാ വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നു.

ആസ്റ്റര്‍ മെഡ്‌സിറ്റി എമര്‍ജന്‍സി ഫിസിഷ്യന്‍ കണ്‍സല്‍ട്ടന്റ് ഡോ. ജോണ്‍സണ്‍ കെ.വര്‍ഗീസ്, കോഴിക്കോട് ആസ്റ്റര്‍ മിംസ് എമര്‍ജന്‍സി മെഡിസിന്‍ ഡയരക്ടര്‍ ഡോ. വേണുഗോപാലന്‍ പി.പി , ഡോ. വിമല്‍ കോശി തോമസ് (സീനിയര്‍ സ്‌പെഷ്യലിസ്റ്റ് – എമര്‍ജന്‍സി മെഡിസിന്‍), ഡോ. ഹരികൃഷ്ണന്‍.എല്‍ (ഫിസിഷ്യന്‍, എമര്‍ജന്‍സി മെഡിസിന്‍), ജയേഷ് വി.നായര്‍ (ഓപ്പറേഷന്‍സ് ഹെഡ്, ആസ്റ്റര്‍ മെഡ്‌സിറ്റി) തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *