ഇച്ഛാശക്തിയും ആത്മധൈര്യവും ഉണ്ടെങ്കില്‍ ഏത് കടമ്പകളെയും അതിജീവിക്കാനാകുമെന്ന് ഗോപിനാഥ് മുതുകാട്

ഇച്ഛാശക്തിയും ആത്മധൈര്യവും ഉണ്ടെങ്കില്‍ ഏത് കടമ്പകളെയും അതിജീവിക്കാനാകുമെന്ന് ഗോപിനാഥ് മുതുകാട്

വൈബ്രന്റ് കോഴിക്കോട് 23ന് ആവേശകരമായ തുടക്കം

കോഴിക്കോട്: വിജയത്തിന് കുറുക്കുവഴികള്‍ ഇല്ലെന്ന് പ്രശസ്ത മജീഷ്യനും മോട്ടിവേഷന്‍ സ്പീക്കറുമായ ഗോപിനാഥ് മുതുകാട്. ഇച്ഛാശക്തിയും ആത്മധൈര്യവും ഉണ്ടെങ്കില്‍ ഏത് കടമ്പകളെയും അതിജീവിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ വിജയം കൈവരിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അനുമോദിക്കാന്‍ എം.കെ രാഘവന്‍ എം.പിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘വൈബ്രന്റ് കോഴിക്കോട് 2023’ ന്റെ ആദ്യപരിപാടി തലക്കുളത്തൂര്‍ സി.എം.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് കുട്ടികളുമായി സംവദിക്കുകയായിരുന്നു ഗോപിനാഥ് മുതുകാട്.

ചുറ്റുപാടില്‍ നിന്നുള്ള പ്രോത്സാഹനം ഏതൊരാളിന്റെയും ആത്മധൈര്യത്തെ ഉദ്ദീപിപ്പിക്കും. കഠിനാധ്വാനത്തിലൂടെ സ്വായത്തമാക്കുന്ന ഓരോ വിജയത്തിനും ജീവിതത്തില്‍ പത്തരമാറ്റ് തിളക്കമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എലത്തൂര്‍ നിയോജകമണ്ഡലത്തിലെ പരിപാടിയാണ് ആദ്യദിവസം നടന്നത്. വിജയികള്‍ക്ക് എം.കെ രാഘവന്‍ എം.പി ഫലകവും പ്രശസ്തി പത്രവും കൈമാറി. എം.പി അധ്യക്ഷനായ പരിപാടിയില്‍ സി.എം.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഫാത്തിമ ഹന്നാ ഹാഗാര്‍ സ്വാഗതവും തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു.പി നന്ദിയും പ്രകാശിപ്പിച്ചു.

ഉന്നത വിജയം നേടിയവരെ മാത്രം അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രവണതയില്‍ നിന്ന് മാറി, വിജയം കരസ്ഥമാക്കിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അനുമോദിക്കാന്‍ കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ആറ് പരിപാടികളാണ് എം.കെ രാഘവന്‍ എം.പി സംഘടിപ്പിക്കുന്നത്. 12ന് രാവിലെ 9.30ന് ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ വിദ്യാര്‍ത്ഥികളെ മണ്ണൂര്‍ സി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ അഭിനന്ദിക്കും. പ്രശസ്ത സിനിമാ താരം പൂജിത മേനോന്‍ മുഖ്യാഥിതിയാവും. ജൂണ്‍ 13ന് രാവിലെ 9.30 ന് കുന്ദമംഗലം നിയോജക മണ്ഡലത്തിലെ വിജയികളെ കാരന്തൂര്‍ മര്‍ക്കസ് ഐ.ടി.സി ഹാളില്‍ വെച്ച് അനുമോദിക്കും. പ്രഗല്‍ഭ പ്രഭാഷകന്‍ കൂടിയായ ഡോ. അബ്ദുസമദ് സമദാനി എം.പി മുഖ്യാഥിതിയാവും.

ജൂണ്‍ 14 ന് രാവിലെ 9.30ന് ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ വിജയികളെ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ അനുമോദിക്കും. ഉച്ചക്ക് 1.30ന് മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാര്‍ ഐ.എ.എസ് മുഖ്യാഥിതിയാവും. ഉച്ചക്ക് 1.30ന് കൊടുവള്ളി നിയോജക മണ്ഡലത്തിലെ വിജയികളെ എളേറ്റില്‍ എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ അനുമോദിക്കും. ഡോ.എം.കെ മുനീര്‍ എം.എല്‍.എ, ഡോ. കെ ജയകുമാര്‍ ഐ.എ.എസ് എന്നിവര്‍ മുഖ്യാഥിതികളായിരിക്കും. ബേപ്പൂര്‍, കുന്ദമംഗലം, ബാലുശ്ശേരി, കൊടുവള്ളി നിയോജകമണ്ഡലങ്ങളിലെ അനുമോദന ചടങ്ങില്‍ പ്രശസ്ത കരിയര്‍ ഗൈഡന്‍സ് വിദഗ്ധനും കോളമിസ്റ്റും അക്കാദമീഷ്യനുമായ ഡോ.ടി.പി സേതുമാധവന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ നല്‍കും. കോഴിക്കോട് നോര്‍ത്ത്, സൗത്ത് നിയോജകമണ്ഡലങ്ങളിലെ വിദ്യാര്‍ത്ഥികളെ സംയുക്തമായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ ജൂണ്‍ അവസാന വാരം അനുമോദിക്കും. ഡോ. ശശി തരൂര്‍ എം.പി മുഖ്യാഥിതിയായിരിക്കും. 2017 മുതല്‍ കോവിഡ് കാലത്ത് ഒഴികെ തുടര്‍ച്ചയായി കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ‘വൈബ്രന്റ് കോഴിക്കോട്’ പദ്ധതി നടത്തി വരികയാണ്. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം സന്നദ്ധ പ്രവര്‍ത്തകരുടെയും വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും അധ്യാപകരുടെയും സഹകരണത്തോടെയാണ് ‘വൈബ്രന്റ് കോഴിക്കോട്’ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *