അമ്പൂരി രാഖി കൊലപാതക്കേസില്‍ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ. പ്രതികള്‍ നാലര ലക്ഷം രൂപ പിഴയും ഒടുക്കണം. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. സൈനികനായ അഖില്‍, സഹോദരന്‍ രാഹുല്‍, സുഹൃത്ത് ആദര്‍ശ് എന്നിവരാണ് പ്രതികള്‍. 2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അഖിലുമായുള്ള പ്രണയബന്ധത്തില്‍ നിന്നും പിന്മാറാത്തതിലുള്ള വൈരാഗ്യത്താല്‍ രാഖിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി കുഴിച്ചു മൂടുകയായിരുന്നു. കൊച്ചിയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് അഖില്‍ ആരുമറിയാതെ രാഖിയെ വിവാഹം ചെയ്തിരുന്നു. ഇതിനിടെ മറ്റൊരു പെണ്‍കുട്ടിയുമായി അഖില്‍ അടുക്കുകയും വിവാഹം നിശ്ചയിക്കുകയും ചെയ്തു. വിവാഹത്തിന് രാഖി തടസ്സം നിന്നതോടെയാണ് പ്രതികള്‍ ഗൂഢാലോചന നടത്തി രാഖിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.