അന്താരാഷ്ട്ര മെഡിക്കല്‍ സമ്മേളനം നാളെ മര്‍കസ് നോളജ് സിറ്റിയില്‍

അന്താരാഷ്ട്ര മെഡിക്കല്‍ സമ്മേളനം നാളെ മര്‍കസ് നോളജ് സിറ്റിയില്‍

നോളജ് സിറ്റി: അന്താരാഷ്ട്ര മെഡിക്കല്‍ സമ്മേളനം നാളെ (ശനി) മര്‍കസ് നോളജ് സിറ്റിയില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ സാമൂഹിക അവബോധം വളര്‍ത്തിയെടുക്കുക, സമൂഹത്തില്‍ ആരോഗ്യബോധവല്‍ക്കരണം നടപ്പാക്കുക എന്നീ ലക്ഷ്യങ്ങളുമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. മര്‍കസ് യുനാനി മെഡിക്കല്‍ കോളേജ്, ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്, മെഡിസിന്‍ ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം നടക്കുന്നത്.

മര്‍കസ് യുനാനി മെഡിക്കല്‍ കോളേജ്, ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ്, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ്, മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് തുടങ്ങി രാജ്യത്തെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നായി ആയിരത്തോളം മെഡിക്കല്‍ വിദ്യാര്‍ഥികളും ഡോക്ടര്‍മാരും സമ്മേളനത്തില്‍ പ്രതിനിധികളാകും. രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെ നടക്കുന്ന സമ്മേളനത്തില്‍ ആസ്ട്രേലിയ, യു.കെ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ വ്യത്യസ്ത വിഷയങ്ങളില്‍ പ്രബന്ധമവതരിപ്പിക്കും.

മെഡിസിന്‍ ഇന്ത്യ സ്ഥാപകന്‍ ഡോ. ഷുജ പുനേക്കറിന്റെ അധ്യക്ഷതയില്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ഡീന്‍ ഡോ. ഗോപകുമാരന്‍ ഉദ്ഘാടനം ചെയ്യും. മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയരക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. സെക്കാബ് പ്രതിനിധി എ.എസ് പാട്ടീല്‍, ആസ്റ്റര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍, മൂപ്പന്‍ മെഡിക്കല്‍ കോളേജിലെ ഡോ. അനീശ് ബശീര്‍, നോളജ് സിറ്റിയില്‍ നിന്നും ഡോ. പി.വി ശംസുദ്ദീന്‍, ഡോ. ശൈഖ് ശാഹുല്‍ ഹമീദ്, ഡോ. അമീര്‍ ഹസന്‍, ഡോ. ഒ. കെ.എം അബ്ദുറഹ്‌മാന്‍ സംസാരിക്കും.

കാന്‍സര്‍ പരിചരണം, ഭക്ഷ്യ സുരക്ഷ, പോഷകാഹാരം, പകര്‍ച്ച വ്യാധി പ്രതിരോധത്തിലെ യുനാനിയുടെ സമീപനം, പാലിയേറ്റീവ് കെയര്‍; മര്‍കസിന്റെ സമീപനം, ആരോഗ്യ രംഗത്തെ നിലവാരം മെച്ചപ്പെടുത്തല്‍, മെഡിക്കല്‍ എത്തിക്‌സ് തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. യുണിവേഴ്സിറ്റി ഓഫ് ലങ്കാഷെയര്‍, മഞ്ചേരി മെഡിക്കല്‍ കോളജ്, സികാബ്, ധുലെ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രോജക്ട് അവതരണവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. ഷുജ പുനേക്കര്‍ (ഫൗണ്ടര്‍ ആന്റ് ചെയര്‍മാന്‍ മെഡിസിന്‍ ഇന്ത്യ), ഡോ. അമീര്‍ ഹസന്‍ ഓസ്‌ട്രേലിയ (അക്കാദമിക് ഡയരക്ടര്‍, മര്‍കസ് നോളജ് സിറ്റി), ഡോ. ഗോപകുമാരന്‍ കര്‍ത്ത (ഡീന്‍, ഡോ. മൂപ്പന്‍സ് മെഡി.കോളജ്), ഡോ. ഒ.കെ.എം അബ്ദുറഹ്‌മാന്‍(മെഡിക്കല്‍ സൂപ്രണ്ട്, മര്‍കസ് യുനാനി മെഡിക്കല്‍ കോളജ്) എന്നിവര്‍ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *