സേനയുടെ ഭാഗമാകാന്‍ അഗ്നി പ്രൈം ബാലിസ്റ്റിക്ക് മിസൈല്‍, പരീക്ഷണം വിജയം

സേനയുടെ ഭാഗമാകാന്‍ അഗ്നി പ്രൈം ബാലിസ്റ്റിക്ക് മിസൈല്‍, പരീക്ഷണം വിജയം

ഭുവനേശ്വര്‍: രാത്രികാല പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി പുതുതലമുറ ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി പ്രൈം. ഒഡീഷയിലെ ഡോ. എ.പി.ജെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി 7.30 നാണ് മിസൈല്‍ പരീക്ഷിച്ചത്. പരീക്ഷണ പറക്കലിനിടെ എല്ലാ ലക്ഷ്യങ്ങളും വിജയകരമായി പൂര്‍ത്തിയാക്കിയതായി ഡി.ആര്‍.ഡി.ഒ ട്വിറ്ററിലൂടെ അറിയിച്ചു. വിവിധ ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതൊടെ അഗ്നി പ്രൈം താമസിയാതെ പ്രതിരോധ സേനയുടെ ഭാഗമാകും.

മിസൈലിന്റെ കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനായി നിര്‍മാണ കാലഘട്ടത്തില്‍ നടത്തിയ ട്രയലുകള്‍ക്ക് ശേഷം ആദ്യമായാണ് പ്രീ ഇന്‍ഡക്ഷന്‍ ട്രയല്‍ നടത്തുന്നതെന്ന് പ്രതിരോധ മന്ത്രായലം അറിയിച്ചു. റഡാര്‍, ടെലിമെട്രി, ഇലക്ട്രോ ഒപ്റ്റിക്കല്‍ ട്രാക്കിങ് സിസ്റ്റം തുടങ്ങി നിരവധി റേഞ്ച് ഇന്‍സ്ട്രുമെന്റേഷനുകള്‍ വിവിധ സ്ഥലങ്ങളില്‍ വിന്യസിച്ച് മിസൈലിന്റെ സഞ്ചാരപാത നിരീക്ഷിച്ചിരുന്നു.

അഗ്നി പരമ്പരയിലെ ഏറ്റവും ഭാരം കുറഞ്ഞതും ചെറുതുമാണ് അഗ്നി പ്രൈം മിസൈല്‍. 1000 മുതല്‍ 2000 കിലോമീറ്റര്‍ ദൂരം ഇതിന് സഞ്ചരിക്കാനാകും. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) ആണ് ആണവ വാഹക ശേഷിയുള്ള മിസൈല്‍ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചിരിക്കുന്നത്. അഗ്നി പ്രൈമിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ ഡി.ആര്‍.ഡി.ഒയെയും സേന വിഭാഗങ്ങളെയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *