ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേയുള്ള അന്വേഷണം ജൂണ്‍ 15നകം പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രം. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറുമായി താരങ്ങള്‍ നടത്തിയ ആറ് മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലാണ് തീരുമാനം. അന്വേഷണം സംബന്ധിച്ച് കേന്ദ്രത്തിന്റെ ഉറപ്പ് ലഭിച്ചതിനാല്‍ 15 വരെ സമരത്തിന് ഇടവേള പ്രഖ്യാപിച്ചിരിക്കുകയാണ് താരങ്ങള്‍. 15നകം കേന്ദ്രം നടപടിയെടുത്തില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകുമെന്ന് സാക്ഷി മാലിക് വ്യക്തമാക്കി. തുടര്‍ന്നുള്ള സമരപരിപാടികള്‍ കര്‍ഷക സംഘടനകളും ഖാപ് പഞ്ചായത്തുമായി ചേര്‍ന്ന് തീരുമാനിക്കും. 15ന് മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കാമെന്നും അതുവരെ സമരം നിര്‍ത്തിവയ്ക്കണമെന്നുള്ള കായിക മന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനം.
ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യണമെന്നതടക്കമുള്ള അഞ്ച് ആവശ്യങ്ങളാണ് താരങ്ങള്‍ അനുരാഗ് ഠാക്കൂറിനു മുന്‍പാകെ വെച്ചത്. ഗുസ്തി ഫെഡറേഷനിലേക്ക് സ്വതന്ത്രവും ന്യായവുമായി തെരഞ്ഞെടുപ്പ് നടക്കണമെന്നും ഒരു വനിതയെ അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിക്കണമെന്നതുമാണ് അതില്‍ പ്രധാനം. ബ്രിജ് ഭൂഷണിനെയോ അയാളുടെ കുടുംബത്തെയോ ഗുസ്തി ഫെഡറേഷന്റെ ഭാഗമാക്കരുത്. വനിതാ താരങ്ങളുടെ സുരക്ഷാ ഉറപ്പുവരുത്തും. എല്ലാ ഗുസ്തി താരങ്ങള്‍ക്കുമെതിരേയുള്ള എഫ്.ഐ.ആര്‍ പിന്‍വലിക്കണമെന്നുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായും മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ബജ്‌റംഗ് പുനിയ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ബ്രിജ് ഭൂഷണിന്റെ അറസ്റ്റ് സംബന്ധിച്ച് ധാരണയായില്ല എന്നാണ് സൂചന.
ബ്രിജ് ഭൂഷണെതിരായ പരാതികളില്‍ ജൂണ്‍ 15നകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്ന് കായികമന്ത്രി അനുരാഗ് ഠാക്കൂര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. ഡബ്ല്യു.എഫ്.ഐയുടെ തെരഞ്ഞെടുപ്പ് ജൂണ്‍ 30നകം നടത്തുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഗുസ്തി താരങ്ങളുയര്‍ത്തുന്ന വിഷയങ്ങളും ആശങ്കകളും വിശദമായി ചര്‍ച്ച ചെയ്യാന്‍ സന്നദ്ധമാണെന്ന് അനുരാഗ് ഠാക്കൂര്‍ ഇന്നലെ രാത്രി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ച നടത്തിയത്.