കോഴിക്കോട്: നിപ ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് 13ന്(ചൊവ്വ) വൈകീട്ട് നാല് മണിക്ക് പേരാമ്പ്രയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് യൂത്ത്‌ലീഗ് ജില്ലാപ്രസിഡന്റ് മിസ്ഹബ് കീഴരിയൂരും ജനറല്‍ സെക്രട്ടറി ടി.മൊയ്തീന്‍കോയയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പന്തീരിക്കരക്കടുത്ത സൂപ്പിക്കടയിലെ വളച്ചുകെട്ടി മൂസ മുസ്ല്യാരുടെ മകന്‍ സാലിഹും സാബിത്തും സഹോദരന്റെ ഭാര്യ മറിയവുമാണ് നിപ ബാധിച്ച് മരിച്ചത്.
ബാംഗ്ലൂരില്‍ സിവില്‍ എന്‍ജിനീയറിംഗ് കോഴ്‌സിന് പഠിച്ചിരുന്ന സാലിഹ് കേരള ഗ്രാമീണ്‍ ബാങ്കിന്റെ പന്തീരിക്കര ബ്രാഞ്ചില്‍നിന്ന് നാല് ലക്ഷം രൂപം വിദ്യാഭ്യാസ വായ്പ എടുത്തിരുന്നു. ഇപ്പോഴിത് 12 ലക്ഷമാവുകയും ബാങ്ക് അധികൃതര്‍ ജപ്തി നടപടികള്‍ക്കൊരുങ്ങുകയുമാണ്. നിപബാധ സമയത്ത് ആരോഗ്യമന്ത്രിയായിരുന്ന കെ.കെ ശൈലജയും എക്‌സൈസ് മന്ത്രിയായിരുന്ന ടി.പി രാമകൃഷ്ണനും പങ്കെടുത്ത യോഗത്തില്‍വച്ച് ഇരു മന്ത്രിമാരും സാലിഹിന്റെ ബാങ്ക് വായ്പ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ആശ്രിതര്‍ക്ക് ജോലി നല്‍കുമെന്നും പ്രഖ്യാപിച്ചതാണ്. ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് മന്ത്രിമാര്‍ സര്‍ക്കാരിന് വേണ്ടി ഇക്കാര്യം പ്രഖ്യാപിച്ചത്. സാലിഹിന്റെ സഹോദരന്‍ ഡിഗ്രി കഴിഞ്ഞ് മറ്റൊരു കോഴ്‌സിന് പഠിച്ചുകൊണ്ടിരിക്കുകയാണ്. ആശ്രിത ജോലി നല്‍കാനോ ബാങ്ക് വായ്പ ഏറ്റെടുക്കാനോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ തയാറായിട്ടില്ല. ഇക്കാര്യത്തില്‍ നീതിക്കായി ബഹുജന പ്രക്ഷോഭമാരംഭിക്കുമെന്നും നിപകാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച അത്യാധുനിക വൈറോളജി ലാബ് കോഴിക്കോട് സ്ഥാപിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.