സിഡ്‌നി: നാസി ചിഹ്നങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി ഓസ്ട്രേലിയ. നാസി ചിഹ്നങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചാല്‍ ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ‘ഹോളോകോസ്റ്റിന്റെ ഭീകരതയെ മഹത്വപ്പെടുത്തുന്ന ചിഹ്നങ്ങള്‍ക്ക് ഓസ്ട്രേലിയയില്‍ സ്ഥാനമില്ല,’ പുതിയ നിയമനിര്‍മ്മാണം പ്രഖ്യാപിച്ചുകൊണ്ട് അറ്റോര്‍ണി ജനറല്‍ മാര്‍ക്ക് ഡ്രെഫസ് പറഞ്ഞു. നാസികളുടെതായ ഒരുവസ്തുവും പ്രദര്‍ശിപ്പിക്കുന്നതിനും, അതിന്റെ വില്‍പ്പനയിലൂടെ ലാഭമുണ്ടാക്കുന്നതിനും ആരെയും അനുവദിക്കില്ല. അറ്റോര്‍ണി ജനറല്‍ മാര്‍ക്ക് ഡ്രെഫസ് കൂട്ടിച്ചേര്‍ത്തു. നാസി പതാകകള്‍, ആം ബാന്‍ഡുകള്‍, ടി-ഷര്‍ട്ടുകള്‍, ചിഹ്നങ്ങള്‍ എന്നിവയ്ക്കും, നാസി പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്ന ചിഹ്നങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീവ്ര വലതുപക്ഷത്തിന്റെ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കുന്നതിനിടെ ഇത്തരം ഗ്രൂപ്പുകളെ അടിച്ചമര്‍ത്തുക എന്നതാണ് നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഇതിനോടകം നാസി ചിഹ്നങ്ങള്‍ക്ക് വിലക്കുണ്ട്.
അതേസമയം വിദ്യാഭ്യാസം, കലാപരമായ കാര്യങ്ങള്‍, സാഹിത്യം, പത്രപ്രവര്‍ത്തനം എന്നിവയ്ക്ക് പുറമേ ശാസ്ത്രീയ ആവശ്യങ്ങള്‍ക്കും നാസി ചിഹ്നങ്ങള്‍ ഉപയോഗിക്കാമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നാസി സല്യൂട്ട് നിയമനിര്‍മ്മാണത്തില്‍ ഉള്‍പ്പെടുന്നില്ല. പകരം അത് സംസ്ഥാന അധികാരികള്‍ പോലിസിന് വിടും. ആത്മീയ പ്രാധാന്യമുള്ളതിനാല്‍ മതപരമായ ചടങ്ങുകളില്‍ സ്വസ്തിക് ചിഹ്നം പ്രദര്‍ശിപ്പിക്കുന്നതിന് തടസമില്ല.
കോവിഡ് -19 പാന്‍ഡെമിക് സമയത്ത് തങ്ങളുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനും അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതിനുമായി നിയോ-നാസികള്‍ ലോക്ക്ഡൗണ്‍ വിരുദ്ധ പ്രതിഷേധങ്ങളിലേക്ക് കടന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പ്രത്യയശാസ്ത്രത്തിലേക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നത് ഞങ്ങള്‍ കണ്ടു. എന്നാല്‍, അതിനു പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഓസ്ട്രേലിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ മൈക്ക് ബര്‍ഗെസ് പറഞ്ഞു.