കോഴിക്കോട്: ഇറച്ചിക്കോഴി വില അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെട്ട് വില നിയന്ത്രിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് കേരള(സി.എഫ്.കെ) സംസ്ഥാന വൈസ് ചെയര്‍മാന്‍ സക്കറിയ പള്ളിക്കണ്ടി ആവശ്യപ്പെട്ടു. ദിനം പ്രതി രണ്ട്‌ലക്ഷം ഇറച്ചിക്കോഴി വില്‍പ്പന നടത്തുന്ന കേരളത്തില്‍ വില നിയന്ത്രിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകുന്നത് ആശങ്കപ്പെടുത്തുന്നതാണ്. തമിഴ്‌നാട്ടിലെ കോഴി ഫാമുകള്‍ കേരളത്തിലെ വില നിശ്ചയിക്കുന്ന സാഹചര്യം അപകടകരമാണ്, ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടാന്‍ ഇത് കാരണമാകും. വില നിയന്ത്രിക്കുവാനുള്ള കേരള ചിക്കന്‍ പദ്ധതിയും പരാജയമാണെന്നും വെറും 5000 കിലോഗ്രാമിന് താഴെ മാത്രമാണ് കേരള ചിക്കന്‍ പദ്ധതിയുടെ സംഭാവന എന്നും അദ്ദേഹം പറഞ്ഞു.