ന്യൂഡല്‍ഹി: ഒഡീഷ ട്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ റെയില്‍വേ ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ സി.ബി.ഐ കസ്റ്റഡിയിലെടുത്തു. ആറു പേരുടെ മൊബൈല്‍ ഫോണുകളാണ് കസ്റ്റഡിയിലെടുത്തത്. കൂടാതെ, മുന്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ ആറുപേരെ ചോദ്യം ചെയ്തു. കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റിനെ ഉടന്‍ ചോദ്യം ചെയ്യുമെന്നും സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു.
അട്ടിമറി സാധ്യത ഉള്‍പ്പെടെ സംശയിക്കുന്നതിനാല്‍ സാങ്കേതിക പരിശോധനകളും നടത്തുകയും കൂടുതല്‍പ്പേരുടെ മൊഴിയെടുക്കുകയും സി.ബി.ഐ ചെയ്യും. ഇന്റര്‍ലോക്കിങ് സിഗ്നല്‍ സംവിധാനത്തിലുണ്ടായ തകരാറ് മാത്രമാണോ അപകടകാരണമായതെന്ന് പരിശോധിക്കും. അതേസമയം, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും സിബിഐ കേസ് എടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.