ഇംഫാല്‍: ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന മണിപ്പൂരില്‍ ആംബുലന്‍സ് ആക്രമിച്ച് മൂന്നുപേരെ അഗ്നിക്കിരയാക്കി. പോലിസ് അകമ്പടിയോടെ രോഗിയുമായി ആശുപത്രിയിലേക്കുപോയ ആംബുലന്‍സിന് ജനക്കൂട്ടം തീയിട്ടതിനെത്തുടര്‍ന്ന് അമ്മയും കുഞ്ഞും ബന്ധുവുമാണ് കൊല്ലപ്പെട്ടത്. കുക്കി സമുദായക്കാരനെ വിവാഹം ചെയ്ത മേയ്തി വിഭാഗത്തില്‍പ്പെട്ട മീന ഹാങ്‌സിങ് (45), എട്ട് വയസുള്ള മകന്‍ ടോണ്‍സിങ് ഹാങ്‌സിങ്, മീനയുടെ ബന്ധു ലിഡിയ ലൗറെംബം (37) എന്നിവരാണ് കൊല്ലപ്പെട്ടത്. ലാംഫെല്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഇംഫാല്‍ വെസ്റ്റിലെ ഇറോയിസെംബയിലാണ് ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം.
ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചതായി പ്രദേശവാസികള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയായിരുന്നു. പൂര്‍ണമായും കത്തിനശിച്ച ആംബുലന്‍സില്‍ നിന്നും കുറച്ച് അസ്ഥികള്‍ മാത്രമാണ് വീണ്ടെക്കാനായതെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് അന്ന് രാത്രി തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം ഇതുവരെയും പ്രതികരിച്ചിട്ടില്ല. കാങ്ചുപ്പിലെ അസം റൈഫിള്‍സിന്റെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞുവരികയായിരുന്നു ആക്രമിക്കപ്പെട്ടവര്‍. ജൂണ്‍ നാലിന് പ്രദേശത്തുണ്ടായ വെടിവയ്പില്‍ എട്ട് വയസുകാരനായ ടോണ്‍സിങ്ങിന് വെടിയേറ്റു. കുട്ടിയുടെ മാതാപിതാക്കള്‍ വ്യത്യസ്ത സമുദായത്തില്‍പ്പെട്ടവരായതിനാല്‍ കുക്കി സമുദായത്തിന്റെ പരിധിയിലുള്ള ആശുപത്രിയില്‍നിന്ന് മാറി ഇംഫാലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആംബുലന്‍സിന് തീയിട്ടത്. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത അസം റൈഫിള്‍സ് കമാന്‍ഡര്‍ ഇംഫാല്‍ പോലിസുമായി സംസാരിച്ച് ആംബുലന്‍സ് ഏര്‍പ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ സുഗ്‌നുവിലും സെറോവിലും നിരവധി അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. തീവയ്പിനും വെടിവയ്പിനും പുറമെ പതിയിരുന്ന് ആക്രമിക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സംഘര്‍ഷപ്രദേശങ്ങളില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്.