വിഷയം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റി; ഗുസ്തി താരങ്ങളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രം

വിഷയം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റി; ഗുസ്തി താരങ്ങളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ലൈംഗിക പീഡന കേസില്‍ ആരോപണവിധേയനായ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായി സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഗുസ്തി താരങ്ങളുയര്‍ത്തുന്ന വിഷയങ്ങളും ആശങ്കകളും വിശദമായി ചര്‍ച്ച ചെയ്യാന്‍ സന്നദ്ധമാണെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ ട്വീറ്റ് ചെയ്തു. ചര്‍ച്ചകള്‍ക്കായി ഗുസ്തി താരങ്ങളെ അദ്ദേഹം ക്ഷണിച്ചു. പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്‍പ് വിഷയം പരിഹരിക്കാന്‍ തിരക്കിട്ട് നീക്കം നടത്തുകയാണ് കേന്ദ്രം. ഇതിന്റെ ഭാഗമായാണ് താരങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ താരങ്ങളുമായി ചര്‍ച്ച തുടരും. താരങ്ങളുടെ സമരം പാര്‍ട്ടിക്ക് ക്ഷീണമായി എന്ന വിലയിരുത്തലിലാണ് ബി.ജെ.പി. വിഷയം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റി എന്നും നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചു. അന്താരാഷ്ട്ര തലത്തില്‍ അടക്കം സമരം ചര്‍ച്ചയായതിന് പിന്നാലെ ആണ് പുതിയ നീക്കം. 21 നാണ് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം.

ശനിയാഴ്ച രാത്രി ഗുസ്തി താരങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബജ്‌റംഗ് പൂനിയ, സാക്ഷി മാലിക്, സംഗീത ഫോഗട്ട് തുടങ്ങിയവരായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ടത്. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സാക്ഷി മാലിക് അടക്കമുള്ളവര്‍ സമരത്തില്‍നിന്ന് പിന്മാറിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. തിരികെ ജോലിയില്‍ പ്രവേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി ഒരു ഒത്തുതീര്‍പ്പും ഉണ്ടായിട്ടില്ലെന്ന് ഗുസ്തിതാരം ബജ്റംഗ് പുനിയ കഴിഞ്ഞദിവസം വ്യക്തമാക്കി. നീതി ലഭിക്കും വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ” ആഭ്യന്തരമന്ത്രിയെ കണ്ട് ഗുസ്തിതാരങ്ങള്‍ കരാറുണ്ടാക്കിയെന്ന വാര്‍ത്ത തെറ്റാണ്. അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിടരുതെന്ന് സര്‍ക്കാര്‍ തന്നെയാണ് ആവശ്യപ്പെട്ടത് എന്നാല്‍, അവര്‍തന്നെ എല്ലാ വിവരങ്ങളും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി” – പുനിയ കുറ്റപ്പെടുത്തി. സമരക്കാന്‍ മുന്നോട്ടുവച്ച ഒരു ആവശ്യം പോലും പരിഗണിക്കാത്ത കേന്ദ്രനിലപാടിനെതിരെ താരങ്ങള്‍ കടുത്തവിമര്‍ശനം ഉന്നയിച്ചിരുന്നു.

കഴിഞ്ഞ ജനുവരി 18നാണ് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി താരങ്ങള്‍ രംഗത്തെത്തിയത്. ഫെഡറേഷന്‍ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു താരങ്ങള്‍ ഉയര്‍ത്തിയത്. മൂന്ന് ദിവസം നീണ്ടുനിന്ന സമരത്തിനൊടുവില്‍ താരങ്ങളുടെ പരാതി അന്വേഷിക്കാന്‍ കായിക മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. മേരി കോം അധ്യക്ഷയായ ആറംഗസമിതിയാണ് ഇവരുടെ പരാതികള്‍ അന്വേഷിക്കുന്നത്. വിഷയത്തില്‍ പോലിസില്‍ പരാതി നല്‍കിയിട്ടും തുടര്‍ നടപടികള്‍ ഉണ്ടാവാതെ വന്നതോടെ താരങ്ങള്‍ വീണ്ടും പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. താരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോടതി നിര്‍ദേശത്താലാണ് പരാതിയിന്‍മേല്‍ കേസ് എടുക്കാന്‍ ഡല്‍ഹി പോലിസ് തയ്യാറായത്. എന്നാല്‍ ബ്രിജ് ഭൂഷന്റെ അറസ്റ്റ് വൈകിയതോടെ താരങ്ങള്‍ പ്രതിഷേധവുമായി ജന്തര്‍ മന്തറില്‍ ഇറങ്ങി. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പൂനിയ തുടങ്ങിയ മുന്‍നിര താരങ്ങള്‍ ഉള്‍പ്പെടെയാണ് ബ്രിജ് ഭൂഷനെതിരേ പ്രതിഷേധവുമായി ജന്തര്‍ മന്തറിലുണ്ടായിരുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *