കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ യശസ്സ് തകര്‍ക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത് വേദനാജനകമാണ്. ചരിത്രപ്രസിദ്ധമായ മഹാരാജാസ് കോളേജില്‍ നിന്നാണ് നാണംകെടുത്തുന്ന വാര്‍ത്ത വന്നിട്ടുള്ളത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായ ആര്‍ഷോ എഴുതാത്ത പരീക്ഷ വിജയിച്ചുവെന്ന് കോളേജിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും വിവാദമായതോടെ പിന്‍വലിക്കുകയുമായിരുന്നു. സാങ്കേതിക പിഴവാണെന്ന കോളേജ് അധികൃതരുടെ വിശദീകരണവും തൃപ്തികരമായിരുന്നില്ല. 2022 ഡിസംബറില്‍ പരീക്ഷ നടക്കുന്ന സമയത്ത് ആര്‍ഷോ കേസില്‍പ്പെട്ട് ജയിലിലായിരുന്നു. ആവശ്യത്തിന് ഹാജറില്ലാത്തതിനാല്‍ പരീക്ഷ എഴുതാനും സാധിച്ചിരുന്നില്ല. ആര്‍ഷോയുടെ മാര്‍ക്ക്‌ലിസ്റ്റ് വെബ്‌സൈറ്റില്‍ കണ്ടപ്പോള്‍ ഒപ്പം പഠിച്ചിരുന്ന വിദ്യാര്‍ഥികള്‍ പരാതി ഉന്നയിക്കുകയും കെ.എസ്.യു അതേറ്റെടുത്ത് പ്രിന്‍സിപ്പാളിനെ ഉപരോധിക്കുന്നതടക്കമുള്ള നടപടികളാരംഭിക്കുകയും ചെയ്തു. എന്നാല്‍ തെറ്റായ മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആര്‍ഷോയും ആവശ്യപ്പെട്ടിട്ടുണ്ട്.
ആരൊക്കെ എന്തൊക്കെ വിശദീകരണം നടത്തിയാലും ഉന്നത വിദ്യാഭ്യാസ രംഗത്തെ ഇത്തരം പ്രവണതകള്‍ നല്ലതല്ലെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കണം. മഹാരാജാസ് കോളേജിന് പ്രത്യക്ഷത്തില്‍ ബന്ധമില്ലെങ്കിലും മഹാരാജാസ് കോളേജിന്റെ വ്യാജസര്‍ട്ടിഫിക്കറ്റുണ്ടാക്കി ഗസ്റ്റ് ലക്ച്ചറര്‍ പോസ്റ്റിന് അപേക്ഷിച്ച മറ്റൊരു സംഭവവും പുറത്തു വന്നിരിക്കുകയാണ്. കെ. വിദ്യയാണ് ഗസ്റ്റ് ലക്ച്ചറര്‍ നിയമനത്തിന് വേണ്ടി 2018 മുതല്‍ 2021 വരെ മഹാരാജാസ് കോളേജില്‍ ഗസ്റ്റ് ലക്ച്ചററായിരുന്നുവെന്ന് സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ച് ജോലി നേടിയെടുക്കാന്‍ ശ്രമിച്ചത്. ഇത് സംബന്ധിച്ച് കോളേജ് പ്രിന്‍സിപ്പാള്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ശക്തമായ നിയമ നടപടിയുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. വിദ്യാഭ്യാസ യോഗ്യത ചുളുവില്‍ നേടിയെടുക്കേണ്ട ഒന്നല്ല. കഠിനമായ പരിശ്രമത്തിലൂടെ വിദ്യാര്‍ഥി നേടിയെടുക്കേണ്ട ഒന്നാണത്. നമ്മുടെ നാട്ടില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയും എഴുതാത്ത പരീക്ഷ ജയിച്ചുമൊക്കെ നേട്ടങ്ങളുണ്ടാക്കാമെന്ന് കണ്ടാല്‍ ആളുകള്‍ അത്തരം വഴിക്ക് സഞ്ചരിക്കാനിടയാകും. സ്വാതന്ത്ര്യലബ്ധിക്ക് മുന്‍പ് തന്നെ ഉന്നത നിലവാരവും പ്രതിഭകളെയും സൃഷ്ടിച്ച പാരമ്പര്യമുള്ളതാണ് കേരളീയ വിദ്യാഭ്യാസ ചരിത്രം. പൊതുവിദ്യാഭ്യാസത്തില്‍ നല്ല രീതിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്ന സംസ്ഥാനമാണ് കേരളം. കാലത്തിനനുസൃതമായതും എന്നാല്‍ നമ്മുടെ മൂല്യങ്ങളെ കൂട്ടിപിടിക്കുന്നതുമായ വിദ്യാഭ്യാസ പാതയാണ് നമുക്കുണ്ടാവേണ്ടത്. വളരെ നല്ല രീതിയില്‍ മുന്നോട്ട് പോകുന്ന ഈ രംഗത്തെ താറടിക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണം.