യു.എസില്‍ വീണ്ടും വെടിവയ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്

യു.എസില്‍ വീണ്ടും വെടിവയ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്

വിര്‍ജീനിയ: യു.എസില്‍ വീണ്ടും വെടിവയ്പ്. സംഭവത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ പരുക്കേല്‍ക്കുകയും ചെയ്തു. വിര്‍ജീനിയയില്‍ കോമണ്‍ വെല്‍ത്ത് യൂണിവേഴ്സിറ്റിയ്ക്ക് സമീപമുള്ള തീയേറ്ററില്‍ നടന്ന ഹൈസ്‌ക്കൂള്‍ ബിരുദദാന ചടങ്ങിനിടെയാണ് ആക്രമണം. തിക്കിലും തിരക്കിലുംപെട്ട് പരുക്കേറ്റ പന്ത്രണ്ട് പേരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ആക്രമണം നടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി റിച്ച്മണ്ട് പോലീസ് മേധാവി റിക്ക് എഡ്വേര്‍ഡ്സ് അറിയിച്ചു.

തീയേറ്ററിനുള്ളില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ വൈകിട്ട് 5.15ഓടെ വെടിയൊച്ച കേള്‍ക്കുകയും പോലിസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പോലിസ് പരുക്കേറ്റവരെ കണ്ടെത്തുകയായിരുന്നു. തീയേറ്ററിനുള്ളില്‍ നിന്ന് വെടിയൊച്ചകള്‍ കേട്ടതോടെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരെല്ലാം തീയേറ്ററിന് പുറത്തേക്ക് ഓടിയതായി ദൃക്ഷിസാക്ഷികള്‍ പറയുന്നു. ഇതേ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ക്ക് പരുക്കേല്‍ക്കുകയായിരുന്നു. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേര്‍ കെട്ടിടത്തില്‍ നിന്ന് വീഴുകയും ഒരു കുട്ടിക്ക് കാര്‍ തട്ടി പരുക്കേല്‍ക്കുകയും ചെയ്തു. നിസാര പരുക്കുള്ളവര്‍ക്ക് സംഭവസ്ഥലത്ത് തന്നെ വച്ച് പ്രാഥമിക ചികിത്സ നല്‍കി. 20 തവണ വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് നടത്താനിരുന്ന ബിരുദദാന ചടങ്ങ് സുരക്ഷയുടെ ഭാഗമായി റദ്ദാക്കിയതായും സ്‌കൂളുകള്‍ അടച്ചിടുമെന്നും അധികൃതര്‍ അറിയിച്ചു. ഹ്യൂഗ്‌നോട്ട് ഹൈസ്‌കൂളിലെ ബിരുദദാന ചടങ്ങിന് ശേഷം തീയേറ്ററിന് എതിര്‍ വശത്തും കോളേജ് ക്യാംപസിനോട് ചേര്‍ന്നുള്ള പാര്‍ക്കിലുമാണ് വെടിവയ്പ് നടന്നതെന്ന് റിച്ച്മണ്ട് പബ്ലിക്ക് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. കസ്റ്റഡിയില്‍ എടുത്തവരുടെയോ പരുക്കേറ്റവരുടെയോ വ്യക്തിവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Share

Leave a Reply

Your email address will not be published. Required fields are marked *