മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ പ്രവര്‍ത്തനം മാതൃകാപരം: ഡോക്ടര്‍ കെ.മൊയ്തു

മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ പ്രവര്‍ത്തനം മാതൃകാപരം: ഡോക്ടര്‍ കെ.മൊയ്തു

കോഴിക്കോട്: മലബാറിന്റെ സമഗ്രവികസനത്തിനും ഗതാഗത കണക്ടിവിറ്റി പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ഡോക്ടര്‍ കെ.മൊയ്തു പറഞ്ഞു. വിവിധ സംഘടനകള്‍ സംയുക്തമായി ഏര്‍പ്പെടുത്തിയ ആദരവ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലബാറിന്റെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍ക്ക് കെ.എം.സി.ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ എന്ന നിലയ്ക്കും വിവിധ സാമൂഹ്യ-സാംസ്‌കാരിക-സേവന സംഘടനകളുടെ സ്ഥാപക സാരഥി എന്ന നിലക്കും ദീര്‍ഘകാലമായി സമൂഹത്തിന് നല്‍കിവരുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ഡോക്ടര്‍ കെ.മൊയ്തുവിനെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്.

കോഴിക്കോട് മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ കോണ്‍ഫറന്‍സ് ഹോളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ച് ഡോ.കെ.മൊയ്തുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു. 2001ല്‍ കടലുണ്ടിയില്‍ മംഗലാപുരം-ചെന്നൈ മെയില്‍, 2020ല്‍ കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ രണ്ട് അപകടവേളകളിലും കൗണ്‍സിലിന്റെ അഭ്യര്‍ഥന മാനിച്ച് നാഷണല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആംബുലന്‍സുകളും ഉള്‍പ്പെടെയുള്ള സംഘത്തെ അപകടസ്ഥലത്തേക്ക് അയച്ച ഡോക്ടര്‍ കെ.മൊയ്തുവിന്റെ മാതൃകാപരമായ പ്രവര്‍ത്തനം അധ്യക്ഷന്‍ ചടങ്ങില്‍ വിശദീകരിച്ചു. എം.ഡി.സി ജനറല്‍ സെക്രട്ടറി അഡ്വ. എം.കെ അയ്യപ്പന്‍ ഡോക്ടര്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു.

കൗണ്‍സില്‍ ഖജാന്‍ജി എം.വി കുഞ്ഞാമു, സിറ്റി മര്‍ച്ചന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് എം.ഐ അഷറഫ്, ഹോളി ലാന്‍ഡ് പില്‍ഗ്രിം സൊസൈറ്റി ജനറല്‍ കണ്‍വീനര്‍ എം.സി ജോണ്‍സണ്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ കണ്‍വീനര്‍ ടി.പി വാസു, ഡിസ്ട്രിക്ട് മര്‍ച്ചന്‍സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സി.വി ജോസി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ ബേപ്പൂര്‍-യു.എ.ഇ സെക്ടറില്‍ ചാര്‍ട്ടേഡ് വിമാന-യാത്ര കപ്പല്‍ സര്‍വീസ് ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സ്വന്തം നിലയ്ക്കും, താന്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനകളുടെ പരിപൂര്‍ണ പിന്തുണ മറുപടി പ്രസംഗത്തില്‍ ഡോക്ടര്‍ കെ.മൊയ്തു വാഗ്ദാനം ചെയ്തു. അഡ്വക്കറ്റ് എം.കെ അയ്യപ്പന്‍ സ്വാഗതവും സി.ജി.ഡി.എ ജനറല്‍ സെക്രട്ടറി സി.സി മനോജ് നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *