ഭുവനേശ്വര്‍: ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണത്തില്‍ ഔദ്യോഗിക കണക്ക് വീണ്ടും പുതുക്കി ഒഡീഷ സര്‍ക്കാര്‍. 288 പേരാണ് മരിച്ചതെന്നാണ് പുതിയ കണക്ക്. നേരത്തെയിത് 278 പേരാണ് മരിച്ചതെന്നായിരുന്നു ഇതുവരെയുള്ള ഔദ്യോഗിക വിവരം. പിന്നീടിത് വീണ്ടും പുതുക്കി 275 ഉം പിന്നീടിത് 278ഉം ആക്കി. ഇതേതുടര്‍ന്ന് കണക്കുകളിലെ അവ്യക്തത ദുരൂഹമാണെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മരിച്ചത് 288 പേര്‍ തന്നെയാണെന്ന് ഒഡീഷ സര്‍ക്കാര്‍ സ്ഥിരീകരിച്ചത്.
തിങ്കളാഴ്ച വരെ 275 പേരാണ് മരിച്ചെന്നായിരുന്നു വിവരമെന്നും പിന്നീട് കൂടുതല്‍ മൃതദേഹം കണ്ടെത്തിയതോടെ മരണസംഖ്യ 288 ആയി ഉയര്‍ന്നെന്നും ഒഡീഷ ചീഫ് സെക്രട്ടറി പി.കെ ജെന പറഞ്ഞു. കണ്ടെടുത്ത 288 പേരില്‍ 205 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. അപകടത്തില്‍ മരിച്ച ഒഡീഷ സ്വദേശികള്‍ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്ന് 1.95 കോടി ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കും.
അതേസമയം, രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട എന്‍.ഡി.ആര്‍.എഫ് പ്രവര്‍ത്തകര്‍ ദുരന്തമുഖത്ത് കടുത്ത സമ്മര്‍ദം നേരിടുന്നതിനാല്‍ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനായി പ്രത്യേകം കൗണ്‍സിലിങ് നല്‍കുമെന്ന് എന്‍.ഡി.ആര്‍.എഫ് ഡയറക്ടര്‍ ജനറല്‍ അതുല്‍ കര്‍വാള്‍ അറിയിച്ചു. ഒന്‍പത് എന്‍.ഡി.ആര്‍.എഫ് സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തന രംഗത്തുണ്ടായിരുന്നത്.
‘രക്ഷാപ്രവര്‍ത്തകര്‍ക്ക് സംഭവങ്ങള്‍ വലിയ ആഘാതമുണ്ടാക്കി. ചിലര്‍ക്ക് വെള്ളം കാണുമ്പോള്‍ പോലും രക്തമായി തോന്നുന്നു, ചിലര്‍ക്കാകട്ടെ ഭക്ഷണം കഴിക്കാനാകുന്നില്ല. പലരും ശാരീരികവും മാനസികവുമായ വിവിധ സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുകയാണ്’- വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ദുരന്ത പ്രതികരണ ശേഷി വര്‍ധിപ്പിക്കുകയെന്ന ഉദ്ദേശ്യത്തില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുമ്പോള്‍ എന്‍.ഡി.ആര്‍.എഫ് ഡയറക്ടര്‍ പറഞ്ഞു.