കോഴിക്കോട്: തോപ്പയില്‍ വാര്‍ഡിലെ ചെറോട്ട് വയലില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. മറ്റ് 30 ലധികം വീടുകളില്‍ മഴ നില്‍ക്കാതെ പെയ്താല്‍ അകത്ത് കയറും എന്ന രീതിയില്‍ വെള്ളം കെട്ടി നില്‍ക്കുന്നു. ചെറോട്ട് വയല്‍ പ്രദേശത്തെ ഓടകളില്‍ കോര്‍പ്പറേഷന്‍ മഴക്കാല ശുചികരണ പ്രവര്‍ത്തനം നടത്തുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ സി.പി. സുലൈമാനും, വെസ്റ്റഹില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മിനി ചന്ദ്രനും ചെറോട്ട് വയലിലെ സന്മാര്‍ഗ റസിഡന്റസില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാഴ്‌വാക്കായി മാറിയെന്ന് സന്മാര്‍ഗ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് കെ.ഷൈബു, സെക്രട്ടറി പി.ബാബു, ട്രഷറര്‍ പി.പവിത്രന്‍ എന്നിവര്‍ പറഞ്ഞു. ഇതുവരെ യാതൊരുവിധ ശുചികരണ പ്രവര്‍ത്തനവും ഇവിടെ നടന്നിട്ടില്ല.
കഴിഞ്ഞ വര്‍ഷത്തെ മഴയത്ത് വെള്ളം കയറി നാശനഷ്ടങ്ങള്‍ ഉണ്ടായ വീട്ടുക്കാര്‍ രേഖാമൂലം പരാതി നല്‍കിയിട്ടും യാതൊരു നഷ്ടപരിഹാരവും ഇതുവരെ ലഭിച്ചിട്ടില്ല. വെള്ളപ്പൊക്ക പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട്
ജനങ്ങളെ അണിനിരത്തി ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കെ. ഷൈബു, പി ബാബു എന്നിവര്‍ പറഞ്ഞു.