ന്യൂഡല്‍ഹി: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ ദീര്‍ഘകാലത്തേക്ക് സൂക്ഷിക്കാന്‍ ശീതീകരിച്ച കണ്ടെയ്‌നറുകള്‍ സജ്ജമാക്കും. ഇതിനായി ഒഡീഷയില്‍ നിന്ന് ധനേഷ് പാരദ്വീപ് പോര്‍ട്ട് ട്രസ്റ്റ് കണ്ടെയ്‌നറുകള്‍ നല്‍കും. തിരിച്ചറിയാനായി ഡി.എന്‍.എ പരിശോധന നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി കാണാതായവരുടെ ബന്ധുക്കള്‍ പരിശോധനയ്ക്കായി ഡി.എന്‍.എ സാമ്പിള്‍ നല്‍കണം എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഭുവനേശ്വര്‍ എംയിസില്‍ ഡി.എന്‍.എ പരിശോധനയ്ക്കുള്ള കേന്ദ്രം തുടങ്ങിയിട്ടുണ്ട്.
ഇതുവരെ 180 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഇതില്‍ 150 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. അപകടം നടന്ന് നാലാം ദിവസത്തിലും ബന്ധുക്കളെ തേടി ആശുപത്രിയിലേക്ക് നിരവധി പേര്‍ എത്തുന്നുണ്ട്. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ നിലവില്‍ ഭുവനേശ്വര്‍ എയിംസ് അടക്കം ആറ് ആശുപത്രികളിലായാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ദുരന്തത്തില്‍ അജ്ഞാതരെ പ്രതിയാക്കി കൊണ്ടാണ് റെയില്‍വേ പോലിസിന്റെ എഫ്.ഐ.ആര്‍ ഇട്ടിരിക്കുന്നത്. ബാലസോറില്‍ സി.ബി.ഐ സംഘം ഇന്ന് പ്രാഥമിക പരിശോധന നടത്തും.