പ്രാണാ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

പ്രാണാ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

തലശ്ശേരി: പ്രാണാ അക്കാദമി ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സിന്റെ ഒന്നാം വാര്‍ഷികാഘോഷം കേരള സംഗീത നാടക അക്കാദമി ചെയര്‍മാനും പ്രാണാ അക്കാദമിയുടെ രക്ഷാധികാരിയുമായ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ഉദ്ഘാടനം ചെയ്തു. മോഹിനിയാട്ടത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച മോഹിനിയാട്ടത്തിന്റെ അമ്മ ‘ഗുരു കലാമണ്ഡലം കല്യാണികുട്ടി അമ്മയുടെ’ പേരില്‍ സ്ഥാപിതമായ പ്രഥമ നിത്യകല്യാണി പുരസ്‌കാരം കല്യാണിക്കുട്ടി അമ്മയുടെ മകളും നൃത്തധ്യാപികയും നര്‍ത്തകിയുമായ കലാ വിജയന്‍ ടീച്ചര്‍ക്ക് സമര്‍പ്പിച്ചു.

കല്യാണിക്കുട്ടിയമ്മയുടെ ‘വരിക വരിക സഖി’ എന്ന കവിതയുടെ മോഹിനിയാട്ട നൃത്താവിഷ്‌കാരം പുരസ്‌കാര സ്വീകരണത്തിനു ശേഷം കലാവിജയന്‍ ടീച്ചര്‍ അവതരിപ്പിച്ചു. കല്യാണിക്കുട്ടിയമ്മയുടെ കൃഷ്ണലീല എന്ന പദത്തിന് പ്രാണാ അക്കാദമിയുടെ ഫൗണ്ടര്‍ ഡയരക്ടറും മോഹിനിയാട്ട നര്‍ത്തകിയുമായ മണിമേഖല ചുവടുകള്‍ വെച്ചു. ഭാഗ്യലക്ഷ്മി ഗുരുവായൂര്‍ വായ്പാട്ടും കലാമണ്ഡലം അനീഷ് ഇടയ്ക്കയും കൈകാര്യം ചെയ്തു. വാദ്യസംഗീത നൃത്ത കലകളില്‍ പ്രാവീണ്യം തെളിയിച്ച ഗുരുക്കന്മാരെയും യുവകലാകാരന്മാരെയും പ്രാണാ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.

ഗുരു ശ്രേഷ്ഠപുരസ്‌കാര ജേതാവ് കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, കലാചാര്യ പുരസ്‌കാര ജേതാവ് സദനം ഗോപാലകൃഷ്ണന്‍, ക്ഷേത്ര കലാശ്രേഷ്ഠ പുരസ്‌കാരജേതാവ് കലാമണ്ഡലം കൃഷ്‌ണേന്ദു, കലേയ്‌നാര്‍ പുരസ്‌കാരജേതാവ് സുശീല്‍ തിരുവങ്ങാട്, കലാസപര്യ പുരസ്‌കാര ജേതാവ് സന്തോഷ് ചിറക്കര, നാട്യ ഇളവരസി പുരസ്‌കാര ജേതാവ് ദയ, യുവകലാരത്‌ന പുരസ്‌കാര ജേതാവ് മഞ്ജിമ, ശ്രീബാലാ പുരസ്‌കാര ജേതാവ് അനന്യ പ്രശാന്ത്, സംഗീത അധ്യാപിക നിഷാ മുരളീധരന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *