പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തെ നയിച്ചു; ജസീന്ത ആഡണിന് പരമോന്നത ബഹുമതി നല്‍കി ന്യൂസിലാന്റ്

പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തെ നയിച്ചു; ജസീന്ത ആഡണിന് പരമോന്നത ബഹുമതി നല്‍കി ന്യൂസിലാന്റ്

വെല്ലിങ്ടണ്‍: ന്യൂസിലാന്റ് മുന്‍ പ്രധാനമന്ത്രി ജസീന്ത ആഡണിന് പരമോന്നത ബഹുമതി നല്‍കി രാജ്യം. രാജ്യത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍ മികച്ച രീതിയില്‍ രാജ്യത്ത് കാഴ്ചവച്ച ഭരണമികവിനാണ് ജസീന്ത ആഡനെ രാജ്യം ആദരിച്ചത്. കൊവിഡ് 19 മഹാമാരികാലം ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണം തുടങ്ങിയ പ്രതിസന്ധികള്‍ ജസീന്തയുടെ ഭരണഘട്ടത്തില്‍ രാജ്യത്ത് നേരിടേണ്ടി വന്നിട്ടുണ്ട്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരു രാഷ്ട്രമെന്ന നിലയില്‍ നേരിട്ട പ്രതിസന്ധികള്‍ ഞാന്‍ എന്ന ചിന്തയില്‍ നിന്ന് നമ്മള്‍ എന്ന ബോധത്തിലേക്ക് എല്ലാവരെയും എത്തിച്ചു. ബഹുമതി സ്വീകരിച്ചുകൊണ്ട് ആഡന്‍ പ്രതികരിച്ചു. രാജ്യത്തിന്റെ ആദരവിന് നന്ദി പറയുന്നതിനൊപ്പം നിരന്തരം പ്രോത്സാഹിപ്പിച്ച കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും നന്ദി പറയുകയായിരുന്നു അവര്‍. മുന്‍ പ്രധാനമന്ത്രിയുടെ ഭരണകാലം ദേശീയ അന്തര്‍ ദേശീയ പ്രതിന്ധികളുടെ കാലഘട്ടമായിരുന്നുവെന്നും ഈ വെല്ലുവിളികളുടെ സമയത്തും രാജ്യത്തെ നയിച്ചത് ആഡന്റെ മികച്ച നേതൃത്വമാണെന്നും പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് പറഞ്ഞു. കൂടാതെ ക്രൈസ്റ്റ് ചര്‍ച്ചിലുണ്ടായ വെടിവെയ്പ്പും മഹാമാരിയും വെല്ലുവിളി സൃഷ്ടിച്ചപ്പോഴും ജസീന്ത ആഡന്‍ പതറാതെ രാജ്യത്തെ നയിച്ചു. പിന്നീട് രാജ്യം നേടിയ ഉയര്‍ന്ന വാക്സിനേഷന്‍ നിരക്കും ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ കോവിഡ് മരണ നിരക്കുമൊക്കെ ജസീന്ത ആഡനെന്ന ഭരണാധികാരിയുടെ മികവാണെന്നും ക്രിസ് കൂട്ടിച്ചേര്‍ത്തു.

‘2019 ലെ ഭീകരാക്രമണ സമയത്തും കൊവിഡ് -19 മഹാമാരികാലത്തും നമ്മുടെ മുന്‍ പ്രധാനമന്ത്രിക്ക് കടുത്ത വെല്ലുവിളിയുടെ കാലഘട്ടമായിരുന്നു. ആ സമയത്ത് ന്യൂസിലന്‍ഡിനോടുള്ള അവരുടെ പ്രതിബദ്ധത ഞാന്‍ നേരിട്ട് കണ്ടു.’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.

ജനുവരിയില്‍ അപ്രതീക്ഷിതമായ രാജിക്ക് ശേഷം പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ പൊതുവേ ആഡന്‍ മടികാണിച്ചിട്ടുണ്ടായിരുന്നു. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെയുള്ള പ്രവര്‍ത്തനത്തില്‍ പങ്കാളിയാണിവര്‍. പാരിസ്ഥിതിക ഇടപെടലുകള്‍ക്ക് അംഗീകാരം നല്‍കുന്ന വില്യം രാജകുമാരന്റെ എര്‍ത്ത്‌ഷോട്ട് പുരസ്‌കാര ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളിലും ആഡന്‍ സജീവമാണ്.

2017ലാണ് ജസീന്ത ആഡന്‍ ന്യൂസിലന്റ് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. അധികാരമേല്‍ക്കുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു ജസീന്ത ആഡന്‍. 2017 ല്‍ സഖ്യ സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായിരുന്ന ആഡന്‍ മൂന്നു വര്‍ഷത്തിനു ശേഷം തന്റെ കക്ഷിയായ ലേബര്‍ പാര്‍ട്ടിയെ വമ്പിച്ച ഭൂരിപക്ഷത്തിലാണ് അധികാരത്തിലെത്തിച്ചത്. എന്നാല്‍ ഈ വര്‍ഷം തുടക്കത്തില്‍ കുടുംബത്തിനും കുട്ടികള്‍ക്കുമൊപ്പം സമയം ചെലവിടണമെന്ന കാരണം പറഞ്ഞ് ജസീന്ത പ്രധാനമന്ത്രി സ്ഥാനവും പാര്‍ട്ടി നേതൃപദവിയും അപ്രതീക്ഷിതമായി ഒഴിയുകയായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *