ധര്‍മ്മടം: ടെലിച്ചറി സോഷ്യല്‍ വെല്‍ഫെയര്‍ ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്‌നേഹക്കൂട് എന്ന അനാഥാലയത്തിന്റെ ആവശ്യത്തിനായി ചാത്തുക്കുട്ടി അത്തോളില്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രെസ്റ്റിന്റെ ചെയര്‍മാന്‍ വാസു അത്തോളില്‍ സംഭാവനയായി നല്‍കിയ പാലിയേറ്റീവ് കെയര്‍ വാഹനം കെ.സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള രോഗികള്‍ക്കിടയില്‍ സാന്ത്വന പരിചരണ ഗൃഹസന്ദര്‍ശനം നടത്തുവാന്‍ വേണ്ടിയാണ് വാഹനം ഉപയോഗപ്പെടുത്തുന്നത്. അതോടൊപ്പം സ്‌നേഹക്കൂടിന് വേണ്ടി പുതുതായി നിര്‍മിക്കുന്ന മൂന്നു നില മന്ദിരത്തിന്റെ ഒരു നില പണിയാനുളള ചെലവും മുന്‍കൂറായി നല്‍കിയിട്ടുണ്ട്.
ടെലിച്ചറി സോഷ്യല്‍ വെല്‍ഫെയര്‍ ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സ്‌നേഹക്കൂട്ടിലെ അന്തേവാസികളായ അമ്മമാരുടെ പരിചരണവും വളരെ മികച്ച രീതിയിലാണെന്നും അവ സമൂഹത്തിന് തികഞ്ഞ മാതൃകയാണെന്നും എം.പി അഭിപ്രായപ്പെട്ടു. ട്രസ്റ്റ് ചെയര്‍മാന്‍ എം.പി അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാസു അത്തോളില്‍, ഡോ. സി.കെ രാജീവന്‍ നമ്പ്യാര്‍, മാനേജിങ്ങ് ട്രസ്റ്റി കെ.എസ് ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു. രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ എം.ഡി.എസ് പരീക്ഷയില്‍ ഒന്നാം റാങ്കും രാഷ്ട്രപതിയുടെ സ്വര്‍ണമെഡലും നേടിയ ഡോ. അഖിന പ്രദീപ്, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ എംകോം പരീക്ഷയില്‍ ഉന്നത വിജയം നേടിയ ശുഭശ്രീയ, എസ്.എസ്.എല്‍.സിയില്‍ ഉന്നത വിജയം നേടിയ കൃഷ്ണ, പ്രനുഷ് രാജ് എന്നിവരെ ആദരിക്കുകയും ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു.
രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളില്‍ മികവു തെളിയിച്ച ധാരാളം പേര്‍ ചടങ്ങില്‍ സംബന്ധിക്കുകയുണ്ടായി. ട്രസ്റ്റ് ഡയരക്ടര്‍മാരായ ഐ.എം.എ ചെയര്‍മാന്‍ ഡോ. ജയകൃഷ്ണന്‍, എം.പി അസ്സൈനാര്‍, നമ്പ്യാര്‍, ഡോ. ടി.മധുസൂദനന്‍, ഡോ. ടി.രമേശന്‍, ഡോ. വി.പി ശ്രീജിത്ത്, രവീന്ദ്രന്‍ മുരിക്കോളി, കുമാരന്‍ വടക്കുമ്പാട്, പി.കെ വസന്തന്‍, പ്രൊഫ. എന്‍.എന്‍ രാമന്‍ കുട്ടി, പ്രൊഫ. കെ.കുമാരന്‍, കെ.കെ സുധാമണി, കെ.അജയകുമാര്‍, പി. സാദിഖ്, വി. സ്‌മൈലേഷ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ട്രസ്റ്റ് വൈസ് ചേയര്‍മാന്‍ മേജര്‍ പി.ഗോവിന്ദന്‍ സ്വാഗതവും ട്രഷറര്‍ പി.വി ലക്ഷ്മണന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ ഫെയിം ജാന്‍വിയും ബാബു സ്വാമിക്കുന്നും ഗാനങ്ങള്‍ അവതരിപ്പിച്ചു.