കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകക്കേസ്: യു.പി മുന്‍ എം.എല്‍.എ മുക്താര്‍ അന്‍സാരിക്ക് ജീവപര്യന്തം തടവ്

കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകക്കേസ്: യു.പി മുന്‍ എം.എല്‍.എ മുക്താര്‍ അന്‍സാരിക്ക് ജീവപര്യന്തം തടവ്

ശിക്ഷ 32 വര്‍ഷം മുന്‍പത്തെ കൊലപാതകക്കേസില്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മുന്‍ എം.എല്‍.എയുമായിരുന്ന മുക്താര്‍ അന്‍സാരിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. 32 വര്‍ഷം മുന്‍പത്തെ കേസിലാണ് ശിക്ഷാവിധി. മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ അജയ് റായിയുടെ സഹോദരന്‍ അവദേശ് റായിയെ കൊലപ്പെടുത്തിയ കേസിലാണ് വാരാണസി കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ മെയ് ഒന്‍പതിന് വാദം പൂര്‍ത്തിയായ കേസില്‍ വിധി പറയാനായി ജൂണ്‍ അഞ്ചിലേക്ക് മാറ്റുകയായിരുന്നു.
നിരവധി കേസുകളില്‍ പ്രതിയാണ് മുക്താര്‍ അന്‍സാരി. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നാല്‍പതോളം കേസുകള്‍ ഇയാളുടെ പേരില്‍ നിലവിലുണ്ട്. ഗുണ്ടാ ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട കേസില്‍ ഗാസിപുര്‍ കോടതി കഴിഞ്ഞ ഡിസംബറില്‍ മുക്താറിന് 10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. ഇതില്‍ ജയില്‍ശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് പുതിയ കേസിലെ ശിക്ഷാവിധി.

1991 ആഗസ്റ്റ് മൂന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം. വീടിന് പുറത്തുനിന്നിരുന്ന അവദേശ് റായിയെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. സഹോദരന്റെ കൊലപാതകത്തില്‍ മുക്താര്‍ അന്‍സാരിക്ക് പങ്കുണ്ടെന്ന് ആരോപിച്ച് അജയ് റായ് ആണ് കേസ് നല്‍കിയത്. ഭീം സിങ്, മുന്‍ എം.എല്‍.എ അബ്ദുല്‍ കലിം എന്നിവരും കേസില്‍ പ്രതികളാണ്. അഞ്ചു തവണ എം.എല്‍.എ ആയിരുന്നു മുക്താര്‍ അന്‍സാരി. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായായിട്ടായിരുന്നു കൊലപാതകമെന്ന് കോടതി കണ്ടെത്തിയിരുന്നു.

തന്റെയും കുടുംബത്തിന്റെയും ഒരുപാട് വര്‍ഷത്തെ കാത്തിരിപ്പിനാണ് കോടതി വിധിയോടെ അവസാനമായിരിക്കുന്നതെന്ന് അജയ് റായ് പ്രതികരിച്ചു. ”സര്‍ക്കാര്‍ മാറിവന്നെങ്കിലും മുക്താര്‍ ശക്തനാകുകയായിരുന്നു. എന്നാല്‍ വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നില്ല” – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *