കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്ന് കെ.മുരളീധരന് എം.പി പറഞ്ഞു. പ്രതിഷേധിക്കുന്നവരെ മുഴുവന്‍ ഭീഷണിപ്പെടുത്തുന്ന രീതിയാണ് കേന്ദ്രത്തിന്റേത്. വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് രാജ്യത്തിന് വേണ്ടിയാണോ കഷ്ടപ്പെട്ട് മെഡല്‍ നേടിയത്, ആ രാജ്യത്ത് സ്വന്തം ശരീരം സംരക്ഷിക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തിലാണ് കായിക താരങ്ങള്‍. പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത് തെറ്റായ രീതിയിലായിരുന്നു. മാധ്യമങ്ങള്‍ ബി.ജെ.പിയുടെ വിജയം പര്‍വതീകരിക്കുകയും കോണ്‍ഗ്രസിന്റെ വിജയം ചുരുക്കി കാണിക്കുകയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടവും കോട്ടവും തെരഞ്ഞെടുപ്പുകളില്‍ ചര്‍ച്ചയാക്കുന്നതിന് പകരം ജനങ്ങളെ ഭിന്നിപ്പിച്ച് വര്‍ഗ്ഗീയ രാഷ്ട്രീയം ചര്‍ച്ചയാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഉത്തര്‍പ്രദേശ് മുതല്‍ ബി.ജെ.പി നടത്തിയ ഇത്തരം പ്രവര്‍ത്തനത്തിനുള്ള തിരിച്ചടിയാണ് കര്‍ണാടകത്തില്‍ നിന്ന് കിട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.പിയില്‍ 80:20 എന്ന തരത്തിലും കര്‍ണാടകത്തില്‍ ടിപ്പുസുല്‍ത്താനും സവര്‍ക്കരും തമ്മിലുള്ള പോരാട്ടം എന്ന രീതിയിലായിരുന്നു പ്രചരണം. 300 കൊല്ലം മുന്‍പ് മരിച്ചുപോയ ടിപ്പു സുല്‍ത്താനും 60 കൊല്ലം മുന്‍പ് മരിച്ചുപോയ സവര്‍ക്കറും എങ്ങനെ പോരാടാനാണെന്നദ്ദേഹം ചോദിച്ചു. ജനങ്ങളുടെ നികുതിപണം കൊണ്ട് നിര്‍മിച്ച പാര്‍ലമെന്റ് മന്ദിരം, സ്വന്തം നിര്‍മിച്ച മട്ടിലാണ് മോദി ഉദ്ഘാടനം ചെയ്തത്. മതവിശ്വാസികളുടേയും വിശ്വസിക്കാത്തവന്റേയും പണമാണത്. അവിടെ മതചടങ്ങുകള്‍ക്ക് പ്രസക്തിയില്ല. മതേതരത്തിന് വേണ്ടി നടത്തുന്ന പോരാട്ടം വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വാര്‍ത്തയാകുന്നില്ല. വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന ട്രഷറര്‍ സജ്ജാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.കെ അഷ്റഫ്, ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍, ഉമര്‍ പുതിയോട്ടില്‍, വിസ്ഡം യൂത്ത് സംസ്ഥാന വൈസ്പ്രസിഡന്റ് ഡോ.പി.പി നസീഫ് സംസാരിച്ചു.