ന്യൂഡല്‍ഹി: ഒഡീഷയില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ ദുരന്തത്തെ കുറിച്ച് സി.ബി.ഐ അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിന്‍ അപകടത്തിന് പിന്നാലെ റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ അന്വേഷിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതിനെതിരേ പ്രതിപക്ഷ കക്ഷികളില്‍ നിന്ന് ശക്തമായ എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്നാണ് അന്വേഷണം സി.ബി.ഐക്ക് അന്വേഷണം. സി.ബി.ഐ അന്വേഷണത്തിന് റെയില്‍വേ ബോര്‍ഡ് ശുപാര്‍ശ ചെയ്തുവെന്ന് മന്ത്രി അറിയിച്ചു.
അപകടത്തില്‍ 275 പേര്‍ മരിച്ചെന്നാണ് ഒഡീഷ സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. മരിച്ചവരില്‍ 88 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനായിട്ടില്ല. ഇവരെ തിരിച്ചറിയുന്നതിനായി ചിത്രങ്ങള്‍ ഒഡീഷ സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ആവശ്യമെങ്കില്‍ ഡി.എന്‍.എ പരിശോധനയും നടത്താനാണ് തീരുമാനം. ഒഡീഷയില്‍ ട്രെയിന്‍ അപകടത്തില്‍ പരുക്കേറ്റ ആയിരത്തിലേറെപ്പേരില്‍ 50 പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ വിവരങ്ങളും ഒഡീഷ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപകടത്തെ കുറിച്ചുള്ള വിശദാംശങ്ങളറിയാന്‍ ഹെല്‍പ് ലൈന്‍ നമ്പറായ 139 ല്‍ വിളിക്കാമെന്ന് റെയില്‍വേ അറിയിച്ചു. പരുക്കേറ്റവരുടെയോ, മരിച്ചവരുടെയോ ബന്ധുക്കള്‍ക്ക് ഈ നമ്പറില്‍ വിളിച്ച് വിവരങ്ങള്‍ തേടാം. ഒഡീഷയിലെത്താനുള്ള ചെലവുകള്‍ റെയില്‍വേ വഹിക്കുമെന്നും റെയില്‍വേ ബോര്‍ഡംഗം ജയവര്‍മ്മ സിന്‍ഹ അറിയിച്ചു.