തലക്കുളത്തൂര്‍ : സംസ്ഥാന പാത കടന്ന് പോകുന്ന വി.കെ റോഡ് ബസ് സ്റ്റോപ്പിന് സമീപത്തെ ഹോട്ടല്‍ ദൂരപരിധി ലംഘിച്ചു മാലിന്യ ടാങ്ക് നിര്‍മ്മിച്ചതായി പരാതി. അനധികൃതമായാണ് മാലിന്യ ടാങ്ക് നിര്‍മ്മാണമെന്ന പരാതിയില്‍ തലക്കുളത്തൂര്‍ ഗ്രാമ പഞ്ചായത്ത് കുഴി മൂടാന്‍ ആവശ്യപ്പെട്ടു. മുന്നറിയിപ്പ് നല്‍കി ഒരാഴ്ചയായിട്ടും കുഴി മൂടാന്‍ ഹോട്ടലുകാര്‍ തയ്യാറായില്ല.
ഹോട്ടലിന്റെ മുന്‍ ഭാഗത്തായി മാലിന്യ കുഴി 5 മീറ്റര്‍ നീളത്തിലും 2 മീറ്റര്‍ വീതിയിലുമായി കോണ്‍ക്രീറ്റ് കൊണ്ടാണ് നിര്‍മ്മിച്ചത്. റോഡും ബില്‍ഡിംഗ് തമ്മിലുള്ള ദൂര പരിധി ലംഘനം നിലവിലുള്ള നിയമത്തിന് വിരുദ്ധമാണ്. തിരക്കേറിയ പാതയോട് ചേര്‍ന്ന് നില്‍ക്കുന്ന കുഴിക്ക് സംരക്ഷണ സംവിധാനമില്ലാത്തതിനാല്‍ അപകട സാധ്യതയും കൂടുതലാണ്. കുഴി തുറന്നു കിടക്കുന്നത് മൂലം മലിനജലം കെട്ടിക്കിടന്ന് കൊതുക് പെരുകുന്നു. ഹോട്ടല്‍ ഭക്ഷണത്തിന്റെ വേസ്റ്റില്‍ നിന്നുള്ള കെമിക്കല്‍ സമീപത്തെ കിണറുകളിലേക്ക് പടരുന്നതായും പരാതിയുണ്ട്. റോഡിന്റെ ദൂരപരിധി ലംഘിച്ചു നിര്‍മ്മിച്ച കുഴി മൂടാനും പകരം മാലിന്യ ടാങ്ക് നിര്‍മിക്കാനും പഞ്ചായത്ത് നിര്‍ദ്ദേശിച്ചതായി സെക്രട്ടറി അറിയിച്ചു. കുഴി മൂടിയില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.