സാമൂഹിക ഉന്നതിക്ക് വേണ്ടത് ആദ്ധ്യാത്മിക അടിത്തറ: സ്വാമി പ്രേമാനന്ദ

സാമൂഹിക ഉന്നതിക്ക് വേണ്ടത് ആദ്ധ്യാത്മിക അടിത്തറ: സ്വാമി പ്രേമാനന്ദ

കോഴിക്കോട് : സാമൂഹികമായ ഉന്നതിക്ക് ആദ്ധ്യാത്മിക അടിത്തറ ആവശ്യമാണെന്നും ശ്രീനാരായണ ഗുരുദേവന്‍ കാട്ടിത്തന്ന ജീവിത വഴിയിലൂടെ സഞ്ചരിച്ചെങ്കില്‍ മാത്രമേ അത് സാധ്യമാവുകയുള്ളൂവെന്നും സ്വാമി പ്രേമാനന്ദ പറഞ്ഞു. നാമോരോരുത്തരും ഗുരു ധര്‍മ്മപ്രചാരകര്‍ കൂടിയാവണം, അതിനായി ബാലജന യോഗം , യൂത്ത് മൂവ്‌മെന്റ് , കുടുംബ യൂണിറ്റുകള്‍ എന്നിവയിലൂടെ ഗുരുധര്‍മ്മ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടത്തണമെന്നും വരും തലമുറയെ നാടിന്റെ സമ്പത്തായി മാറ്റിയെടുക്കുവാന്‍ ഗുരുദേവ കൃതികള്‍ മനഃപാഠമാക്കിയും ഗുരു സന്ദേശങ്ങള്‍ മനസ്സിലാക്കിയും നമ്മുടെ മക്കളെ വളര്‍ത്തി വലുതാക്കണമെന്നും സ്വാമി പ്രേമാനന്ദ പറഞ്ഞു. അതിന്റെ ഉത്തരവാദിത്വം വനിതാ സംഘം ഏറ്റെടുക്കണമെന്നും സ്വാമി പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം കോഴിക്കോട് യൂണിയന്‍ സംഘടിപ്പിച്ച നേതൃയോഗത്തിന്റെയും വനിതാ സംഘം യൂണിയന്‍ സെക്രട്ടറി ലീലാ വിമലേശന്‍ സപ്തതി സമാചരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്വാമി പ്രേമാനന്ദ .

ഗുരുവരാശ്രമത്തില്‍ വെച്ച് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ എസ്.എന്‍.ഡി.പി യോഗം കോഴിക്കോട് യൂണിയന്‍ പ്രസിഡന്റ് ഷനൂപ് താമരക്കുളം അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടര്‍ ബാബു പൂതമ്പാറ മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ സെക്രട്ടറി സുധീഷ് കേശവപുരി, യോഗം ഡയറക്ടര്‍ കെ. ബിനുകുമാര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എന്‍. ശിവപ്രസാദ് , യൂണിയന്‍ വൈസ് പ്രസിഡന്റ് രാജീവ് കുഴിപ്പള്ളി, വി. സുരേന്ദ്രന്‍, ഷിബിക.എം, കെ.വി ശോഭ , എന്നിവര്‍ സംസാരിച്ചു. സപ്തതി ആഘോഷിക്കുന്ന വനിതാ സംഘം യൂണിറ്റ് സെക്രട്ടറി ലീലാ വിമലേശന് സ്വാമി പ്രേമാനന്ദ ഉപഹാരവും യൂണിയന്‍ പ്രസിഡന്റ് ഷനൂപ് താമരക്കുളം പൊന്നാടയും സമര്‍പ്പിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *