തൃശൂര്‍: നാടോടി നൃത്തം സീനിയര്‍ വിഭാഗം മത്സര ഫലം പ്രഖ്യാപിക്കാനായി വിധികര്‍ത്താക്കളില്‍ ഒരാള്‍ എണീറ്റപ്പോള്‍ ജയലക്ഷ്മി പ്രാര്‍ത്ഥനയോടെ കണ്ണടച്ചു. ഒടുവില്‍ ഒന്നാം സ്ഥാനം തനിക്കാണെന്ന് അറിഞ്ഞപ്പോള്‍ കൂട്ടുകാരിയെ കെട്ടിപ്പിടിച്ച് സന്തോഷം കൊണ്ട് തുളളിച്ചാടി. 15 പേര്‍ പങ്കെടുത്ത സംസ്ഥാന മത്സരത്തില്‍ തനിക്ക് ലഭിച്ച ഒന്നാം സമ്മാനം തന്നെ വിട്ടു പോയ അമ്മയ്ക്ക് സമര്‍പ്പിക്കുകയാണ് ജയലക്ഷ്മി. ജാതി മേല്‍ക്കോയ്മയുടെ തീയില്‍ എരിഞ്ഞടര്‍ന്ന ആദ്യകാല അഭിനേത്രി പി.കെ റോസിയുടെ ദുരന്തപൂര്‍ണമായ ജീവിതം വേദിയില്‍ ഉജ്ജ്വലമായി അവതരിപ്പിച്ചു കൊണ്ടാണ് നാല്‍പ്പത്തൊന്നുകാരിയായ ജയലക്ഷ്മി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
അഞ്ചു വയസ് മുതല്‍ നൃത്തം പഠിച്ച വനിതയാണ് ജയലക്ഷ്മി. നൃത്തം പഠിപ്പിക്കാനും സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് മത്സരങ്ങളില്‍ കൊണ്ടുപോയിരുന്നതുമെല്ലാം അമ്മ ടി.ശാന്തയായിരുന്നു. അച്ഛന്‍ ശ്രീകുമാരന്‍ നായര്‍ മകള്‍ക്ക് പൂര്‍ണ പിന്തുണയും നല്‍കി. അമ്മ മരിച്ചതോടെ നൃത്ത വേദികളില്‍ നിന്നും അകന്നു പോയ ജയലക്ഷ്മി 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ചിലങ്കയണിയുന്നത്. തിരുവനന്തപുരം മണക്കാട് ശ്രീശിവ ശൈലം ഡാന്‍സ് ആന്‍ഡ് മ്യൂസിക് അക്കാമദിയിലെ ആര്യയുടെ കീഴില്‍ മകളെ നൃത്തം അഭ്യസിപ്പിക്കാന്‍ എത്തിയപ്പോള്‍ ജയലക്ഷ്മി വീണ്ടും നൃത്ത പഠനം പുനരാരംഭിക്കുകയായിരുന്നു. ഭര്‍ത്താവ് സുനില്‍കുമാറും പ്‌ളസ് ടു വിദ്യാര്‍ത്ഥിയായ മകനും എല്ലാ പിന്തുണയും നല്‍കി ഒപ്പമുണ്ട്. ജില്ലയ്ക്ക് വേണ്ടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയതില്‍ അഭിമാനമുണ്ടെന്ന് ജയലക്ഷ്മി പറഞ്ഞു.