തലശ്ശേരി: സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം നിലനില്‍പിനായുള്ള പോരാട്ടത്തിനിറങ്ങുകയാണെന്നും ഈ സന്ദര്‍ഭത്തില്‍ പൊതുജനങ്ങളുടെ സഹകരണം ഉണ്ടാവണമെന്നും തലശ്ശേരി പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു. സംസ്ഥാനമാകെ നേരത്തെ 34000 ത്തോളം സ്വകാര്യ ബസ്സുകള്‍ സര്‍വ്വിസ് നടത്തിയിരുന്നു. പ്രതിസന്ധികള്‍ ഒന്നിന് പിറകെ ഒന്നായി വേട്ടയാടിയതോടെ പലരും ഈ വ്യവസായത്തില്‍ നിന്ന് പിന്മാറി.
7000 ത്തോളം ബസുകളാണ് ഇപ്പോള്‍ കേരളത്തില്‍ ഓടുന്നത്. അടിക്കടി ഉണ്ടാവുന്ന ഡീസല്‍ , സ്‌പേര്‍പാര്‍ട്‌സ് വില വര്‍ദ്ധനവ് കാരണം കനത്ത സാമ്പത്തിക ബാധ്യതയാണ് ഇപ്പോള്‍ സ്വകാര്യ ബസ്സുടമകള്‍ വഹിക്കേണ്ടി വരുന്നത്. ദീര്‍ഘദൂര റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ക്ക് പെര്‍മിറ്റ് നിഷേധിക്കുന്നതും വിദ്യാര്‍ത്ഥികളുടെ യാത്രാ ഇളവ് നിരക്കില്‍ മാറ്റം വരുത്താത്തതും അംഗീകരിക്കാനാവില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. സ്വകാര്യ ബസ്സ് വ്യവസായം സംരക്ഷിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയിയെ നിയോഗിക്കണമെന്നും, ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ബസ്സുകള്‍ ഓട്ടം നിര്‍ത്തിവച്ചുള്ള സമരം നടത്താന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും പകരം ആവശ്യങ്ങളുടെ പ്രാധാന്യവും ഗുരുതര സ്വഭാവവും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ഫെഡറേഷന്‍ പ്രസിഡണ്ട് കെ.കെ തോമസ് തിങ്കളാഴ്ച (ജൂണ്‍ 5 ) മുതല്‍ സെക്രട്ടറിയേറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുകയാണെന്നും ഭാരവാഹികളായ കെ. വേലായുധന്‍, കെ. ഗംഗാധരന്‍, ടി.പി. പ്രേമനാഥന്‍, കെ. ദയാനന്ദന്‍, കെ. പ്രേമാനന്ദന്‍ എന്നിവര്‍ വിശദീകരിച്ചു.