വിദ്യാഭ്യാസ വിവേചനം തുടരുന്നത് മലബാറിനോടുള്ള വംശീയ മനോഭാവം: എസ്.ഐ.ഒ

വിദ്യാഭ്യാസ വിവേചനം തുടരുന്നത് മലബാറിനോടുള്ള വംശീയ മനോഭാവം: എസ്.ഐ.ഒ

കോഴിക്കോട്: പതിറ്റാണ്ടുകളായി മലബാര്‍ മേഖല അനുഭവിക്കുന്ന വിദ്യാഭ്യാസ വിവേചനം മലബാറിനോടുള്ള വംശീയ മനോഭാവത്തില്‍ നിന്നും രൂപപ്പെടുന്നതാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ. എസ്.ഐ.ഒവിന്റെ ‘പുസ്തകപ്പച്ച’ പഠനോപകരണ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐക്യ കേരളം രൂപപ്പെട്ടത് മുതല്‍ മലബാറിനോട് ഈ അനീതി തുടരുന്നുണ്ടെന്നും മാറി മാറി വന്ന ഭരണകൂടങ്ങള്‍ ഈ കൊടും അനീതിയെ അഭിമുഖീകരിക്കാന്‍ തയ്യാറാവാതിരിക്കുന്നതും മലബാറിനോടുള്ള വംശീയബോധം കാരണമാണെന്നും മുഹമ്മദ് സഈദ് ടി.കെ അഭിപ്രായപ്പെട്ടു.

നിലവില്‍ മലബാറില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയ 56,052 വിദ്യാര്‍ഥികള്‍ക്ക് പൊതുമേഖലയില്‍ ഉപരിപഠനം സാധ്യമല്ലെന്ന കണക്കുകള്‍ എസ്.ഐ.ഒ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളും സാമൂഹിക സന്നദ്ധ സംഘടനകളും തെളിവുകള്‍ സഹിതം പുറത്ത് വിട്ടിട്ടും വിദ്യാഭ്യാസ മന്ത്രിയും ഇടത് സംഘടനകളും കള്ള കണക്കുകള്‍ പ്രചരിപ്പിക്കുന്നതും ഈ കൊടും അനീതി പുറത്ത് കൊണ്ടുവരുന്ന വി. കാര്‍ത്തികേയന്‍ റിപ്പോര്‍ട്ട് മൂടിവെക്കുന്നതും അംഗീകരിക്കാനാവില്ല. കണക്കുകള്‍ നിരത്തി മലബാറിലെ വിദ്യാര്‍ത്ഥികളുടെ നീതിക്ക് വേണ്ടി സംസാരിക്കുന്നവരെ മന്ത്രി ‘നിക്ഷിപ്ത താല്‍പര്യക്കാരാ’ക്കുന്നത് ഈ വംശീയ മനോഭാവം പേറുന്നതിനാലാണ്. അതുകൊണ്ട് ഈ കൊടും അനീതിക്കും അതിന്റെ മൂലകാരണമായ വംശീയ ബോധത്തിനും എതിരായ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. വിദ്യാര്‍ത്ഥി സമൂഹം ഇനിയും ഈ അനീതി സഹിക്കുമെന്ന് അധികാരികള്‍ കരുതേണ്ടതില്ല എന്നും മുഹമ്മദ് സഈദ് ടി.കെ കൂട്ടിച്ചേര്‍ത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *