പുളിക്കല്‍: പുളിക്കല്‍ പഞ്ചായത്ത് ഓഫിസ് വരാന്തയില്‍ തൂങ്ങിമരിച്ച റസാക്ക് പായമ്പ്രോട്ടിന്റെ ആത്മഹത്യക്ക് ഉത്തരവാദികളായ സി.പി.എം പ്രാദേശിക നേതൃത്വവും പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റടക്കമുള്ള ഭരണസമിതിയും മറുപടി പറയണമെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍കോട്ടുമല ആവശ്യപ്പെട്ടു. റസാക്കിന്റെ സഹോദരന്‍ ജമാല്‍, എം.എസ് എഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി.വി സാജു, റസാക്കിന്റെ ബന്ധുവും പുളിക്കല്‍ കോണ്‍ഗ്രസ് മന്ധലം പ്രസിഡന്റുമായ സൈനുദ്ദീന്‍, അബ്ദുള്‍ അലി ബാഷ, സി.എം.പി നേതാക്കളായ പി.അബ്ദുള്‍ ഗഫൂര്‍, കെ. നാസറലി, ബഷീര്‍ വലിയാട്ട് കെ.എസ്.വൈ.എഫ് ജില്ലാ പ്രസിഡന്റ് ബിനൂപ് ഉഗ്രപുരം എന്നിവരോടൊപ്പം റസാക്കിന്റെ വീട്ടിലും വിവാദമായ പ്ലാസ്റ്റിക് സംസ്‌കരണഫാക്ടറി പരിസരത്തും സന്ദര്‍ശനം നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാക്ടറിക്കെതിരേ യാതൊരു നടിയും സ്വീകരിക്കാത്ത പഞ്ചായത്ത് പ്രിസിഡന്റിന്റേയും പാര്‍ട്ടിയുടേയും മനുഷ്യത്വരഹിതമായ നടപടിയില്‍ മനം നൊന്താണ് റസാക്കിന് സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നത്. ജില്ലാ കലക്ടര്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും ജനങ്ങളുടെ ജീവന് ഭീഷണിയായ ഫാക്ടറി ഉടന്‍ അടച്ചു പൂട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.